കണ്ണൂർ: നഗരത്തിലെ നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വ്യാഴാഴ്ച മുതൽ ഉണ്ടാകും. മാർക്കറ്റുകളിലും കടകൾ തുറക്കുന്നതിനുളള ചില നിയന്ത്രണങ്ങൾ തുടരും. ഡിവിഷൻ 51 പൂർണ്ണമായും അടച്ചിടും. 48, 52 എന്നീ ഡിവിഷനുകൾ ഭാഗികമായി അടച്ചിടുന്നതും തുടരും.

പ്ലാസ ജംഗ്ഷൻ റോഡ് , ബാങ്ക് റോഡ് , സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ് , പയ്യാമ്പലം ഗേൾസ് ഹൈസ്‌കൂൾ റോഡ് , എസ്.എൻ പാർക്ക് റോഡ് മുനീശ്വരൻ കോവിൽ വഴി പ്ലാസ ജംഗ്ഷൻ ഉൾപ്പെടുന്ന പ്രദേശം പൂർണ്ണമായും അടച്ചിടും. കാൾടെക്സ് ജംഗ്ഷൻ മുതൽ (കലക്ടറേറ്റ് മുൻവശത്തുള്ള റോഡ്) ജില്ലാ പഞ്ചായത്ത് ഓഫീസ് വരെ ആൾക്കൂട്ടം കൂടുന്നതും, ഗതാഗതവും കർശനമായി നിയന്ത്രിച്ചിരിക്കുന്നു.

കണ്ടെയിൻമെന്റ് സോണുകളിൽപ്പെട്ടവർക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ഹോം ഡെലിവറിക്ക് ആവശ്യമായ സ്ഥാപനങ്ങൾ മുൻകൂട്ടി നിശ്ചിയിച്ച് തുറന്ന് പ്രവർത്തിക്കുന്നതിന് കോർപ്പറേഷൻ സെക്രട്ടറി കണ്ണൂർ ഡിവൈ.എസ്.പി യുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണം നടത്തേണ്ടതാണ്.

കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഒന്നിടവിട്ട ദിവസങ്ങളിൽ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം കോർപ്പറേഷൻ സെക്രട്ടറി കണ്ണൂർ ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ട് നിർവ്വഹിക്കണം. കണ്ടെയിൻമെന്റിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നവർ മാസ്‌ക്ക് ധാരണം, സാമൂഹിക അകലം, സിനിറ്റൈസറുടെ ഉപയോഗം എന്നിവ നിർബന്ധമായും പാലിക്കേണ്ടതാണ്.

കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള സർക്കാർ സ്ഥാപനങ്ങൾ/അർദ്ധ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങൾ /ധനകാര്യ സ്ഥാപനങ്ങൾ (സിവിൽ സ്റ്റേഷൻ ഉൾപ്പെടെ) സർക്കാർ നിർദ്ദേശം പ്രകാരം തുറന്ന് പ്രവർത്തിക്കാം.