തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി നവീകരിക്കപ്പെട്ട വയലോടി കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം പ്രസിഡന്റ് വി.പി. ഫൗസിയ നിർവഹിച്ചു. നേരത്തേ പണിത കെട്ടിടത്തിനു മുകളിലായി കോൺഫറൻസ്, പരിശീലന ക്ലാസുകൾ, ഗ്രാമസഭ എന്നിവ നടത്തുന്നതിന് ഉതകുമാറുള്ള ഹാൾ ആണ് ഇപ്പോൾ നിർമ്മിച്ചത്.

പട്ടികജാതി വിഭാഗം ജനങ്ങൾ കൂടുതലായുള്ള വയലോടിയിൽ, വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകളും, ഉദ്യോഗാർത്ഥികൾക്കുള്ള മത്സര പരീക്ഷാ പരിശീലനവും, കലാ സാഹിത്യ മത്സരങ്ങളും-സാഹിത്യ സംവാദങ്ങളും ചർച്ചകളും മറ്റും സംഘടിപ്പിക്കുന്നതിന് ഈ ഹാൾ ഉപയുക്തമാവും. ചടങ്ങിൽ വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എ.ജി. സറീന ,വി.കെ.ബാവ, കെ.റീത്ത. , സാജിത സഫറുള്ള, ടി.വി. കുഞ്ഞികൃഷ്ണൻ, സത്താർ വടക്കുമ്പാട് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എൻജിനിയർ എം.കെ.ശ്രുതി റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി പി.പി.ഉഷ നന്ദി പറഞ്ഞു.