varsha
വർഷയും അമ്മ രാധയും

കണ്ണൂർ: കൊച്ചി അമൃത ആശുപത്രിയുടെ മുറ്റത്തുവച്ച് പൊട്ടിക്കരഞ്ഞ വർഷയുടെ സങ്കടം ലോകം ഏറ്റെടുത്തതോടെ കരൾരോഗം മൂർച്ഛിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ നിന്നിരുന്ന അമ്മ രാധയ്ക്ക് ആശ്വാസവർഷം. അമൃത ആശുപത്രിയിൽ ഇന്നലെ വർഷ പകുത്തുനൽകിയ കരൾ അമ്മയുടെ ശരീരത്തിൽ തുന്നിച്ചേർത്തു. ഇനി പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിന്റെ ദിനങ്ങൾ.

അമ്മയ്കു മകളും മകൾക്ക് അമ്മയും മാത്രം സ്വന്തമായുള്ള ഇവരെ സഹായിക്കാൻ ഉദാരമതികൾ കാരുണ്യവർഷം ചൊരിഞ്ഞപ്പോൾ വർഷയുടെ അക്കൗണ്ടിലേക്ക് 18 മണിക്കൂർ കൊണ്ട് എത്തിയത് 50ലക്ഷം രൂപ.

വെറും പതിനായിരം രൂപയുമായി അമ്മ രാധയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി എത്തിയ വർഷയുടെ വിലാപം ജീവകാരുണ്യഗ്രൂപ്പുകളും പ്രധാന വ്യക്തികളും ഏറ്റെടുത്തതോടെയാണ് സഹായമെത്തിയത്. കരൾമാറ്റിവയ്ക്കുന്നതിന് 20ലക്ഷം രൂപയാണ് ചിലവ്. കരൾ നൽകുന്നത് ഡിഗ്രിവിദ്യാർത്ഥിനിയായ വർഷ തന്നെയാണ്. ശസ്ത്രക്രിയയ്ക്കുള്ള തുകയും കഴിഞ്ഞ് 30 ലക്ഷം ബാക്കി. ഇനി ആരും പണം അയയ്ക്കേണ്ടതില്ലെന്ന് ചാരിറ്റി പ്രവർത്തകരായ സാജൻ കേച്ചേരിയ്ക്കും സുഹൃത്തുക്കൾക്കും സമൂഹമാദ്ധ്യമങ്ങളിൽ പറയേണ്ടി വന്നു.

പത്തു ദിവസം മുമ്പാണ് തളിപ്പറമ്പ് ചുടലയിലെ വർഷ അമ്മ രാധയെയും കൊണ്ട് അമൃത ആശുപത്രിയിലെത്തുന്നത്. പിലാത്തറ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ വർഷയ്ക്ക് അമ്മ മാത്രമേയുള്ളു. കരൾ പകുത്തുനൽകാൻ വർഷ തയ്യാറായപ്പോഴാണ് ലക്ഷങ്ങൾ കൂടി വേണമെന്ന് ഡോക്ടർമാർ പറഞ്ഞത്. പിന്നെ നെട്ടോട്ടമായിരുന്നു.

സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് വർഷ ഇട്ട വീഡിയോ പോസ്റ്റ് സേവന പ്രവർത്തനം നടത്തുന്ന ഗ്രൂപ്പുകൾ ഏറ്റെടുത്തു. നാട്ടുകാരിയായ രാധയുടെയും വർഷയുടെയും അവസ്ഥയറിഞ്ഞ മുൻ എം.പി. പി.കെ. ശ്രീമതി പരിചയമുള്ള എല്ലാ ഗ്രൂപ്പുകളിലേക്കും വർഷയുടെ പോസ്റ്റ് ഫോർവാർഡ് ചെയ്തു. വിദേശത്തു നിന്നും മറ്റും സഹായവുമായി ഉദാരമതികളെത്തി. വ‌ർഷയുടെ അമ്മയുടെ പേരിലുള്ള തളിപ്പറമ്പ് എസ്. ബി.ഐ അക്കൗണ്ട് കരുണ കൊണ്ട് നിറഞ്ഞു.