കൂത്തുപറമ്പ്: നഗരസഭാ പരിധിയിലെ ഒരു വീട്ടിൽ രണ്ടു പേർക്ക് കൊവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കണിയാർകുന്ന് ഭാഗത്ത് നടപടികൾ ശക്തമാക്കി. പ്രദേശത്തെ റോഡുകൾ അടച്ചതോടൊപ്പം നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗൾഫിൽ നിന്നെത്തിയ ആൾക്കായിരുന്നു ആദ്യം രോഗബാധ. ബുധനാഴ്ച രോഗിയുടെ ഭാര്യക്കു കൂടി കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയതോടെയാണ് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.
ചെറിയ ഇടവേളക്ക് ശേഷമാണ് കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ വീണ്ടും കൊവിഡ് 19 റിപ്പോർട്ട് ചെയ്യുന്നത്. കെ.യു.പി.സ്കൂൾ പരിസരത്ത് നിന്നും കണിയാർകുന്ന് ഭാഗത്തേക്ക് പോകുന്ന റോഡ്, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും ആയുർവ്വേദ ആശുപത്രി ഭാഗത്തേക്ക് പോകുന്ന റോഡ്, പാലത്തുംങ്കര - കണിയാർകുന്ന് റോഡ് എന്നിവ പൊലീസ് അടച്ചു. അഡീഷണൽ എസ്.ഐ.അനിൽകുമാർ ,സിവിൽ പൊലീസ് ഓഫീസർമാരായ കെ.എ.സുധി, കെ.രാജേഷ്, രതീഷ് കീഴല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡുകൾ അടച്ചത്.