മാഹി: കല്ലേരി മാധവിയമ്മയ്ക്ക് എട്ട് മക്കൾ. അഞ്ചുപേരും ചൈനയ്ക്കും പാകിസ്ഥാനുമെതിരെ യുദ്ധം ചെയ്ത വീര ഭടന്മാർ. ചൈനീസ് അതിർത്തിയിൽ അശാന്തി പുകയുമ്പോൾ കോഴിക്കോട് ജില്ലയിൽപ്പെട്ട ഓർക്കാട്ടേരിയെന്ന ഗ്രാമത്തിൽ പോരാട്ടവീര്യത്തോടെ കാർത്തികപള്ളി കല്ലേരി തറവാട് തലയുയർത്തി നില്പുണ്ട്.
1962 ൽ ചൈനയുമായും 65ലും 71ലും പാകിസ്ഥാനുമായും പോരാടിയവരാണ് മാധവിയമ്മയുടെ മക്കളായ ഹവീൽദാർ കല്ലേരി പ്രഭാകരൻ നമ്പ്യാർ, ലാൻസ് നായിക് ദാമോദരൻ നമ്പ്യാർ, ഹവിൽദാർ മേജർ കല്ലേരി ഭാസ്‌കരൻ നമ്പ്യാർ, ജൂണിയർ കമ്മിഷന്റ് ഓഫീസർ കല്ലേരി ചന്തു നമ്പ്യാർ, ലാൻസ് നായിക് കല്ലേരി കുഞ്ഞപ്പ നമ്പ്യാർ എന്നിവർ. ഇവരുടെ ഏക സഹോദരി നാരായണിയമ്മയുടെ ഭർത്താവ് നാരായണക്കുറുപ്പും ശത്രുരാജ്യത്തിനെതിരെ പോരാടിയിട്ടുണ്ട്. ദാമോരൻനമ്പ്യാരും ചന്തുനമ്പ്യാരും ജീവിച്ചിരിപ്പില്ല. മാധവിയമ്മ 20 വർഷം മുമ്പ് മരിച്ചു.
അഞ്ച് സൈനികർക്ക് ജന്മം നൽകിയ മാധവിയമ്മയെ നാട്ടുകാർ വീര മാതാവെന്നാണ് വിളിക്കുന്നത്. 1962 ൽ 55 രൂപ ശമ്പളത്തിൽ പതിനെട്ടാം വയസിൽ പട്ടാളത്തിൽ ചേർന്ന കല്ലേരി പ്രഭാകരൻ നമ്പ്യാർ തൊട്ട് പിന്നാലെ നടന്ന ചൈനാ യുദ്ധത്തിൽ പങ്കാളിയായി. 65 ൽ പാക് യുദ്ധത്തിലും, 71 ൽ പൂർവപാകിസ്ഥാനിൽ (ബംഗ്ളാദേശ്) നടന്ന യുദ്ധത്തിലും പങ്കെടുത്തു. മാധവിയമ്മയുടെ എട്ടാമത്തെ മകനായ മാഹി ചെമ്പ്ര കുണ്ടിൽ പുത്തൻപുരയിൽ താമസിക്കുന്ന കല്ലേരി പ്രഭാകരൻ നമ്പ്യാർക്ക് ഇപ്പോൾ 80 വയസായി. അതിർത്തിയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയെ പോരാട്ടവീര്യത്തോടെ വിലയിരുത്തുകയാണ് അദ്ദേഹം. ചൈനയുമായുള്ള യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടക്കണക്കായിരുന്നെങ്കിലും പാകിസ്ഥാനുമായുണ്ടായ രണ്ട് യുദ്ധങ്ങളിലും മേധാവിത്വം നേടി- അദ്ദേഹം പറഞ്ഞു.
അന്ന് യുദ്ധം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയാൽ മാത്രമേ അമ്മയ്ക്ക് തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് മനസിലാക്കാൻ കഴിയുമായിരുന്നുള്ളൂ. അച്ഛൻ ശങ്കരക്കുറുപ്പ് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. മറ്റ് രണ്ട് സഹോദരങ്ങൾ മദിരാശി പൊലീസിലും ഫയർ സർവീസിലുമായിരുന്നു. കല്ലേരി തറവാട്ടിൽ ഭാസ്കരൻ നമ്പ്യാരും കുഞ്ഞപ്പ നമ്പ്യാരും കുടുംബവുമാണ് ഇപ്പോൾ താമസിക്കുന്നത്.
''62ൽ ചൈന ബോധപൂർവം ഇന്ത്യയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. നിഗൂഢ താത്പര്യങ്ങളായിരുന്നു എന്നും ചൈനയ്ക്ക്. ഇന്ന് നമ്മുടെ രാജ്യം സൈനിക ശേഷിയിൽ ഏത് വൻ ശക്തിയുമായും കിടപിടിക്കാൻ പ്രാപ്തമാണ്
-ഹവീൽദാർ പ്രഭാകരൻ നമ്പ്യാർ