കൂത്തുപറമ്പ്: നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി പുല്ലുവച്ച് പിടിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. സംസ്ഥാന -ദേശീയ മത്സരങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നത്. മികച്ച ഗ്യാലറി യോടൊപ്പം ദേശീയ നിലവാരത്തിലുള്ള ഫുട്ബാൾ ഗ്രൗണ്ടാണ് സജ്ജീകരിക്കുന്നത്. ഗ്യാലറി നിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നേരത്തെ പൂർത്തിയായിരുന്നു.

അവസാനത്തെ മിനുക്ക് പണിയായ പുല്ല് വച്ച് പിടിപ്പിക്കുന്ന പണിയാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ ഗാർഡൻ ഗ്രാസ് ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ മോഡി കൂട്ടൽ. പുല്ല് പാകിയതോടെ സ്റ്റേഡിയത്തിന്റെ പ്രധാന പ്രവൃത്തികൾ പൂർത്തിയാക്കിയതായി നഗരസഭാ ചെയർമാൻ എം. സുകുമാരൻ പറഞ്ഞു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെയാണ് കൂത്തുപറമ്പ് സ്റ്റേഡിയം നവീകരണം.

നേരത്തെയുള്ള നഗരസഭാ സ്റ്റേഡിയം മത്സരങ്ങൾക്ക് അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണ് ദേശീയ നിലവാരത്തിൽ നവീകരിക്കുന്നത്. അവശേഷിക്കുന്ന നിർമാണ പ്രവൃത്തികൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് സ്റ്റേഡിയം കായിക പ്രേമികൾക്ക് വിട്ടുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.