കാസർകോട് : കാലവർഷം വീണ്ടും എത്തി. രണ്ടോ മൂന്നോ ഓറഞ്ച്, യെല്ലോ അലർട്ട്ദിനങ്ങളും കടന്നുപോയി. എന്നാൽ പോയ വർഷത്തെ മഹാപ്രളയം കശക്കിയെറിഞ്ഞ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള കാത്തിരിപ്പ് എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ മാത്രം ഇനിയും തീർച്ചയില്ല.

നടപടി ക്രമങ്ങളുടെ സാങ്കേതിക കുരുക്കിൽപ്പെട്ടാണ് കാസർകോട് ജില്ലയിൽ വെള്ളപ്പൊക്കകെടുതിയ്ക്കിരയായ നിരവധി കുടുംബങ്ങൾ സഹായത്തിനായി ഇന്നും കാത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലാണ് ധനസഹായം ലഭിക്കാത്തവരിൽ കൂടുതലും. ഇരു താലൂക്കുകളിലായി 31 ദുരിതശ്വാസ ക്യാമ്പുകളാണ് അധികൃതർ തുടങ്ങിയത്. നാട്ടുകാരും റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഉണർന്നു പ്രവർത്തിച്ചാണ് ആളുകളെ ദുരന്തത്തിൽ നിന്ന് കരകയറ്റിയത്‌. പ്രളയ ദുരിതത്തിൽപ്പെട്ട കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തിര സഹായമാണ് പലർക്കും കിട്ടാനുള്ളത്.

വില്ലേജ് ഓഫീസുകളിൽ നിന്നുള്ള കണക്ക് പ്രകാരമാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചത് .തേജസ്വിനി പുഴ കരകവിഞ്ഞു നീലേശ്വരം നഗരസഭയിലെയും കയ്യൂർ -ചീമേനി , ചെറുവത്തൂർ, പടന്ന തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലെ പ്രദേശങ്ങളുമാണ് മുങ്ങിപോയത്.പല വീടുകളും ദിവസങ്ങളോളം പൂർണമായി മുങ്ങിക്കിടന്ന് വലിയനാശം തന്നെ നേരിട്ടിരുന്നു. കാർഷികമേഖലയിലും കനത്ത നഷ്ടമാണ് പ്രളയം ഉണ്ടാക്കിയത്.

നഷ്ടപരിഹാരം നൽകേണ്ടത് 3819 പേർക്ക്

ഹൊസ്ദുർഗ് താലൂക്കിൽ മാത്രം 4227 പ്രളയ ദുരിത കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ലാൻഡ് റവന്യു കമ്മീഷണർ പരിശോധിച്ച് ധനസഹായം വിതരണം ചെയ്യാൻ നിർദ്ദേശിച്ചത് 4103 പേർക്കാണ്. പിന്നീട് സർക്കാർ അംഗീകരിച്ച ലിസ്റ്റ് 3819 പേരുടേതാണ്. 39 അപേക്ഷകൾ തള്ളിയിരുന്നു. ഡ്യുപ്ലിക്കേഷൻ വന്ന 70 അപേക്ഷകളും തള്ളിയിരുന്നു. മുഴുവനായി നാശനഷ്ടം സംഭവിച്ചതിന് 3506 അപേക്ഷകളാണ് ഉണ്ടായിരുന്നത്.

വില്ലേജ് ഓഫീസുകളിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം പ്രളയ ദുരിതാശ്വാസ സഹായം കൊടുത്തുവരികയാണ്. ലാൻഡ് റവന്യു കമ്മീഷണർ ഓഫീസിലേക്ക് അയച്ചിരുന്ന ചില കേസുകളിലാണ് ഇനി സാമ്പത്തിക സഹായം കൊടുത്തുതീർക്കാനുള്ളത്. അതും ഉടനെ കൊടുത്തുതീർക്കും..

ഇ വി വിനോദ് ( ഡെപ്യുട്ടി തഹസിൽദാർ , ഹൊസ്ദുർഗ് )