നീലേശ്വരം: മണ്ട ചീയൽ രോഗത്തിന് പിന്നാലെ രോഗം ബാധിച്ച് തേങ്ങകൾ പൊഴിയുന്നതും കേര കർഷകർക്ക് തിരിച്ചടിയായി. കഴിഞ്ഞ ഏപ്രിൽ, മേയ് മാസത്തിലുണ്ടായ വരൾച്ചയിൽ തെങ്ങിൽ നിന്ന് വെളിച്ചിൽ വ്യാപകമായി പൊഴിഞ്ഞുപോയിരുന്നു. ഇപ്പോൾ രണ്ട് മാസം കഴിഞ്ഞ് പൂർണ്ണമായും വിളഞ്ഞ് പറിച്ചെടുക്കേണ്ട തേങ്ങകളാണ് പൊഴിയുന്നത്.
ഇങ്ങിനെ വീഴുന്ന തേങ്ങകളുടെ കണ്ണിന്റെ ചുറ്റുപാടും ചികരിക്ക് കറുത്ത നിറമാണ് കാണുന്നതെന്ന് കർഷകർ പറയുന്നു. തേങ്ങളുടെ ചകിരി പൊളിച്ചാൽ വെള്ളത്തിന് പ്രത്യേകരുചിയാണുള്ളത്. പാകമാകാത്ത തേങ്ങ ഭക്ഷണത്തിനും മറ്റും കൊള്ളില്ലെന്നും പറയുന്നു.
ചില തെങ്ങിൽ നിന്ന് കുലയോടെയാണ് തേങ്ങകൾ വീഴുന്നത്. കുന്നിൻ പ്രദേശത്തും പുഴയോരങ്ങളിലുമുള്ള തെങ്ങിൽ നിന്നും ഇങ്ങനെ തേങ്ങ വീഴുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെന്ന ചോദ്യം കർഷകർ ഉയർത്തുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കാർഷിക രംഗത്തെ വിലത്തകർച്ചയും ലോക് ഡൗൺ കാലത്തെ പ്രതിസന്ധിയും കർഷകരെ ഏറെ തളർത്തിയിരിക്കുകയാണ്. ലോക്ക് ഡൗൺ കഴിഞ്ഞ് കർഷകർ തേങ്ങകൾ പറിച്ചെടുക്കാൻ ഒരുങ്ങുമ്പോഴാണ് രോഗം ബാധിച്ച തേങ്ങൾ പൊഴിയുന്നത്.

ഉത്പാദനം നന്നേ കുറഞ്ഞു

കഴിഞ്ഞ രണ്ട് വർഷത്തെ കൊടും വരൾച്ചയിൽ തേങ്ങ ഉത്പാദനം കുറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ തേങ്ങയ്ക്കും തെങ്ങിനും രോഗം പടർന്ന് പിടിച്ചിട്ടുള്ളത്. ഒരു പറമ്പിൽ തന്നെ വർഷത്തിൽ ചുരുങ്ങിയത് 10 തെങ്ങെങ്കിലും മണ്ട ചീയൽ രോഗം പിടിപെട്ട് നശിച്ച് കൊണ്ടിരിക്കുകയാണ്.

തെങ്ങുകളിൽ പ്രത്യേകതരം ഇൻഫെക്ഷൻ വ്യാപകമായിട്ടുണ്ട്. തേങ്ങ പരിശോധിച്ചാൽ മാത്രമേ പ്രതിവിധി കണ്ടെത്താൻ കഴിയുകയുള്ളൂ.


ഡോ.സജീഷ്,​ പടന്നക്കാട് കാർഷിക കോളേജ് സസ്യരോഗ വിഭാഗം