കണ്ണൂർ: ഐതീഹ്യപ്പെരുമ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ തെക്കുമ്പാട് ദ്വീപ് ടൂറിസം ഭൂപടത്തിൽ ഇടംനേടാൻ ഒരുങ്ങുന്നു. മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തെക്കുമ്പാട് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം തെക്കുമ്പാട് കൂലോം പരിസരത്ത് ടി.വി രാജേഷ് എം.എൽ.എ നിർവഹിച്ചു.
അത്യപൂർവ്വമായ ദേവക്കൂത്ത് ഉൾപ്പടെ നടക്കുന്ന തെക്കുമ്പാട് ദ്വീപിന്റെ ടൂറിസം സാദ്ധ്യതകൾ വിശാലമാണ്. 4.7 കോടി രൂപയുടേതാണ് പദ്ധതി. തെക്കുമ്പാട് ബോട്ട് ജെട്ടിയിൽ നിന്നും കൂലോത്തേക്ക് രണ്ടര കിലോമീറ്റർ നടപ്പാത, 2.89 കോടി ചെലവിൽ നിലവിലെ ബോട്ടുജെട്ടിക്ക് പകരം വലിയ ബോട്ട് ടെർമിനൽ, മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സെൻട്രൽ, അഴീക്കൽ, മടക്കര എന്നിവിടങ്ങളിൽ മൂന്നു ചെറിയ ബോട്ട് ടെർമിനൽ എന്നിവ ഇതിന്റെ ഭാഗമായി നിർമ്മിക്കും.

ബോട്ട് ടെർമിനലിന്റെ പ്രവൃത്തി നടത്തുന്നതിന് ഉൾനാടൻ ജലഗതാഗതവകുപ്പിനെയും മറ്റു അനുബന്ധ നിർമ്മാണ പ്രവൃത്തികളുടെ നിർവ്വഹണത്തിനായി കെ.ഇ.എല്ലിനെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ചടങ്ങിൽ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മുഹമ്മദ് അലി അദ്ധ്യക്ഷനായി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗോവിന്ദൻ, കണ്ണപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. ശ്രീധരൻ, വി. മധുസൂദനൻ, ആർക്കിടെക് മധുകുമാർ, വി.ലക്ഷ്മണൻ എന്നിവർ സംബന്ധിച്ചു.

തുക അനുവദിച്ചിരിക്കുന്നത്

ബോട്ട് ടെർമിനൽ 2.89 കോടി

പുഴയോര നടപ്പാത/ സൈക്കിൾ ട്രാക്ക് 1.51 കോടി

തെയ്യം മഡ് വാൾ മ്യൂസിയം 5.66 ലക്ഷം

തെയ്യം പെർഫോർമിംഗ് യാർഡ് 1.16 കോടി

ഓപ്പൺ എയർ തിയേറ്റർ 44.13 ലക്ഷം

ആർട്ടിസൻസ് ആലയ്ക്കും ഓർഗാനിക് കിയോസ്‌കിനുമായി 38.49 ലക്ഷം

ടോയ്ലറ്റ് ബ്ലോക്ക് 22.67 ലക്ഷം

പാർക്കിംഗ് യാർഡിന് 40 ലക്ഷം

സോളാർ വിളക്കുകൾ, മഴക്കുഴി, പ്ലാസ്റ്റിക് കളക്ഷൻ പോയിന്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. തെക്കുമ്പാട് കൂലോം റോഡ് എം.എൽ.എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നവീകരിക്കുന്നതിന്റെ നടപടികളും പൂർത്തിയായി.

4.7 കോടിയുടെ പദ്ധതി

തദ്ദേശീയമായി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നതും മലനാട് റിവർ ക്രൂയിസ് ടൂറിസം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു