തളിപ്പറമ്പ്: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നിന്നും രണ്ട് പരിശോധനാ മെഷീനുകൾ തലശേരിയിലെ മലബാർ കാൻസർ സെന്ററിലേക്ക് മാറ്റി. ഇതുകാരണം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ പരിശോധനാ സൗകര്യം കുറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് രണ്ട് മെഷീനുകൾ തലശേരിയിലേക്ക് മാറ്റിയത്. ഇതോടെ പ്രതിദിനം 182 പരിശോധനകളാണ് കുറഞ്ഞത്. ഒരു മെഷീൻ ഉപയോഗിച്ച് 96 പരിശോധനകളാണ് നടത്തിവന്നിരുന്നത്. രണ്ട് എണ്ണം കുറഞ്ഞതോടെ 364 ൽ നിന്നും അത് 182 ആയി കുറഞ്ഞു. ഇതോടെ മെഡിക്കൽ കോളേജിൽ എത്തുന്ന സാമ്പിളുകൾ കൃത്യമായി പരിശോധിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും പറയുന്നു. സാധാരണ ആറുമണിക്കൂർ കൊണ്ട് ലഭിക്കേണ്ട റിസൾട്ട് ലഭിക്കാൻ മൂന്ന് ദിവസമെടുക്കുന്ന സ്ഥിതിയിലാണ് ഇപ്പോൾ. ഉന്നത സമ്മർദ്ദത്തെ തുടർന്നാണ് പരിയാരം വൈറോളജി ലാബിലെ മെഷീനുകൾ മാറ്റിയതെന്നാണ് ആരോപണം.
കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും കൂടുതലായി സാമ്പിളുകൾ മെഡിക്കൽ കോളേജിൽ എത്തുന്നുണ്ട്. എന്നാൽ ടെസ്റ്റുകൾ കുറഞ്ഞുവരുന്നത് കാരണമാണ് രണ്ട് മെഷീനുകൾ തലശേരിക്ക് നൽകിയതെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.