പയ്യന്നൂർ: താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2.5 കോടി രൂപയുടെ ഭരണാനുമതി ആയതായി സി. കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. 2019- 20 വർഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് ഇതിന് ആവശ്യമായ തുക നീക്കി വെച്ചത്.
തെക്കെ ബസാറിൽ ഇപ്പോൾ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്താണ് പുതിയ താലൂക്ക് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും വില്ലേജ് ഓഫീസ് പ്രവർത്തിക്കുക. രണ്ടും മൂന്നും നിലകൾ താലൂക്ക് ഓഫീസിനായി ഉപയോഗിക്കും.
തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെട്ടിരുന്ന 22 വില്ലേജുകൾ കൂട്ടി ചേർത്ത് 2018 മാർച്ചിലാണ് പയ്യന്നൂർ താലൂക്ക് പ്രവർത്തനം ആരംഭിച്ചത്.
നിലവിൽ പയ്യന്നൂർ മിനി സിവിൽ സ്റ്റേഷന്റെ ഒരു ഭാഗത്ത് നിന്ന് തിരിയാൻ ഇടമില്ലാതെയാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. സാങ്കേതിക നടപടികൾ എത്രയും പെട്ടെന്ന് പൂർത്തികരിച്ച് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.