ചക്കരക്കല്ല്: നിർമ്മാണ തൊഴിലാളിയായ ഏച്ചൂർ മാവിലച്ചാൽ സ്വദേശി കെ. ഫിനോജി (43)ന്റെ മരണം കൊലപാതകമെന്നു സൂചന. ദൂരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ, ചക്കരക്കൽ സി.ഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
ഇക്കഴിഞ്ഞ 22 നാണ് ഏച്ചൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലിൽ ഫിനോജിനെ മരിച്ച നിലയിൽ കാണുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് അന്നേ ദിവസം തന്നെ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് സ്വഭാവിക മരണമല്ലെന്ന് വ്യക്തമായത്. ദേഹത്ത് മുറിപ്പാടോ മറ്റോ കാണാത്തതിനാൽ ആദ്യം കുഴഞ്ഞുവീണതാകാം എന്നാണ് സംശയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് കഴുത്തിൽ ആരോ ഞെരിച്ചതിന്റെ ലക്ഷണം കണ്ടത്.
പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. എസ് ഗോപാലകൃഷ്ണപിള്ള കഴുത്ത് ഞെരിച്ചതിന്റെ ലക്ഷണം ഉള്ളതായി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപെടുത്തിയതാണെന്ന സംശയം ബലപെടുകയാണ്. ഇതേ തുടർന്ന് ചൊവ്വാഴ്ച മൃതദേഹം കിടന്ന സ്ഥലം ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ സന്ദർശിക്കുകയും ചെയ്തു. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.