കണ്ണൂർ: ഉത്തര മലബാറിലെ ചികിത്സാ രംഗത്ത് പുതിയ കാൽവയ്പ്പായി പരിയാരത്ത് കൊവിഡ് രോഗം ബാധിച്ച 54കാരന് അതിനൂതന ചികിത്സാ സമ്പ്രദായമായ പ്ലാസ്മ തെറാപ്പി നൽകി. ജൂൺ 20നാണ് കടുത്ത ന്യൂമോണിയ ബാധിതനായ കൂടാളി സ്വദേശിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഗൾഫിൽ നിന്ന് എത്തി പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഐ.സി.യുവിൽ പ്രവേശിപ്പിച്ച രോഗിയെ പിന്നീട് സി പാപ് വെന്റിലേറ്ററിലേക്ക് മാറ്റി. ഇയാൾക്ക് പിന്നീട് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. രോഗം ഗുരുതരമാവാൻ സാദ്ധ്യതയുള്ളതിനാൽ കേരള സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെയും എത്തിക്കൽ കമ്മിറ്റിയുടെയും അനുമതിയോടുകൂടി പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ്, കൊവിഡ് മെഡിക്കൽ ബോർഡിലെ നോഡൽ ഓഫീസർ കൂടിയായ പ്രൊഫ. ഡോ. പ്രമോദ്, ഡെപ്യൂട്ടി നോഡൽ ഓഫീസർ ഡോ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കൊവിഡ് മെഡിക്കൽ ബോർഡിലെ വിദഗ്ധ ഡോക്ടർമാർ സങ്കീർണ്ണവും നൂതന ചികിത്സാ രീതിയുമായ പ്ലാസ്മ തെറാപ്പി രോഗിക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കൊവിഡ് രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചാണ് പ്ലാസ്മ തെറാപ്പി ചെയ്തത്.
പ്ളാസ്മ തൊറാപ്പി ഇങ്ങനെ
കൊവിഡ് 19 രോഗമുക്തി നേടിയ ഒരു രോഗിയുടെ രക്തത്തിൽ ഉള്ള പ്ലാസ്മ വേർതിരിച്ചു മറ്റൊരു രോഗിക്ക് നൽകുന്ന ചികിത്സാ രീതിയാണ് ഇത്. രോഗം ഭേദമായ ഒരാളുടെ രക്തത്തിൽ രോഗാണുവിന് എതിരായ ആന്റിബോഡി ഉണ്ടാവും. ഈ ആന്റിബോഡികൾ രോഗം ബാധിച്ച രോഗിയിൽ വൈറസിനെതിരായി പ്രവർത്തിക്കും. ശരീരത്തിൽ ഓക്സിജന്റെ അളവിൽ 84 ശതമാനം താഴെ വരുന്ന രോഗികളെ ആണ് പ്രധാനമായും ഇതിനു വിധേയമാക്കുന്നത്. ചികിത്സയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഓരോ രോഗിയുടെയും പ്രത്യേക ശരീരാവസ്ഥകൾ കൂടി കണക്കിലെടുത്തു മാത്രമേ ഡോക്ടർമാർ ഇതു നൽകാറുള്ളൂ.