കണ്ണൂർ: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി തീരാറായത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കി. പരീക്ഷ നോട്ടിഫിക്കേഷൻ വന്നാൽ ഒരു വർഷത്തിനുള്ളിൽ നിയമനം നടക്കുന്നതാണെങ്കിലും മൂന്നു വർഷം കഴിഞ്ഞിട്ടും പുതിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം പാതിവഴിയിൽ തന്നെയാണ്. 30ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിലെ പകുതിയോളം പേർ പ്രായ പരിധി പിന്നിട്ടവരുമാണ്.
2017 ൽ വന്ന നോട്ടിഫിക്കേഷനിൽ നിന്നും പരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും കഴിഞ്ഞ് നിയമനം ആരംഭിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്.
കേരളത്തിൽ മൊത്തം ഏഴ് ബറ്റാലിയനുകളിൽ നടന്ന പരീക്ഷയുടെ ഫലം വന്ന് 2019 ജൂലായ് ഒന്നിനാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. കേവലം ഒരു വർഷം മാത്രം കാലാവധിയുള്ള ലിസ്റ്റിന് തിരിച്ചടിയായത് യൂണിവേഴ്‌സിറ്റി കോപ്പിയടി പ്രശ്‌നമായിരുന്നു. അഞ്ചു മാസത്തോളം എല്ലാ ബറ്റാലിയനുകളുടെയും ലിസ്റ്റുകൾ മരവിപ്പിക്കുകയായിരുന്നു.
ഉദ്യോഗാർഥികൾ കൂടുതൽ കെ.എ.പി നാലാം ബറ്റാലിയനിൽ :
കെ.എ.പി നാലാം ബറ്റാലിയന്റെ ലിസ്റ്റിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളുള്ളത്. 1287 പേർ മെയിൽ ലിസ്റ്റിലും 583 പേർ സപ്ലിമെന്ററി ലിസ്റ്റിൽ നിന്നുമായി ആകെ മൊത്തം 1870 പേരാണ് ഉള്ളത്. എന്നാൽ ഇതിൽ നിന്നും കേവലം 307 പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ.
ഉദ്യോഗാർഥികൾ പറയുന്നു
കാൽ ഭാഗം മാത്രം വരുന്ന ഉദ്യോഗാർഥികൾക്കുമാത്രം നിയമനം നടത്താനാണെങ്കിൽ ഇത്രയും വലിയ ലിസ്റ്റ് എന്തിനാണ് പ്രസിദ്ധീകരിച്ചതെന്തിനായിരുന്നു . ഇത്രയും വലിയ ലിസ്റ്റുമിട്ട് നാമമാത്രമായവർക്ക് ജോലി നൽകാനായിരുന്നുവെങ്കിൽ മൂന്നുവർഷമായി ഇതിന്റെ പുറകെ നടന്നതിൽ എന്ത് അർഥമാണുള്ളത്. കൊവിഡും കോപ്പിയടി പ്രശ്‌നവും മൂലം എട്ടുമാസത്തോളം നിയമനം ഇല്ലാതെ പോയിട്ടും പുതിയ പരീക്ഷ നടത്തി നിയമനം നടത്താൻ ഒരുങ്ങുകയാണ് പി.എസ്.സി.
ഈ ദുരിതക്കാലത്ത് പുതിയൊരു പരീക്ഷ നടത്താൻ പി.എസ്.സി ശ്രമിക്കുമ്പോൾ തങ്ങളുടേതല്ലാത്ത കാരണത്തിൽ അവസരം നിഷേധിക്കപ്പെടുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർക്ക്. ഈ പശ്ചാത്തലത്തിൽ തങ്ങൾക്ക് അർഹതപ്പെട്ട വേക്കൻസികൾ നികത്തി തരാനും നഷ്ടപ്പെട്ട കാലാവധി ഒരു വർഷത്തേക്ക് നീട്ടിനൽകാനും യാചിക്കുകയാണിവർ.