കണ്ണൂർ: ജിക്ക കുടിവെള്ള വിതരണ പദ്ധതി നടത്തിപ്പ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ശക്തമാകുന്നതിനിടെ പമ്പിംഗ് സമയം വെട്ടിക്കുറച്ച് കുടിവെള്ളം മുട്ടിക്കാനും നീക്കം. തളിപ്പറമ്പ്, കല്യാശേരി, പയ്യന്നൂർ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളിലും, കണ്ണൂർ കോർപ്പറേഷനിലും കുടിവെള്ള വിതരണം ചെയ്യുന്ന ജിക്ക പദ്ധതിയിലെ പ്ലാന്റ്, റോ വാട്ടർ പമ്പ് ഹൗസ് എന്നിവിടങ്ങളിലെ പമ്പ് പ്രവർത്തിപ്പിക്കുന്ന സമയം കുറക്കാനുള്ള നീക്കമാണ് ഇപ്പോൾ ഉന്നതതലത്തിൽ തകൃതിയായി നടക്കുന്നത്.
രണ്ട് ഷിഫ്റ്റിലെ ഡ്യൂട്ടി ഒന്നര ഷിപ്റ്റാക്കി മാറ്റാനാണ് നീക്കം. രാത്രി 10 മണി മുതൽ അടുത്ത ദിവസം രണ്ട് മണി വരെ ,തുടർച്ചയായി പമ്പിംഗ് നടത്തിയിട്ടും മാടായി ,കണ്ണപുരം ,ചെറുകുന്ന്, ആന്തൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ചില മേഖലകളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം. വിതരണ വാൾവ് ക്രമീകരണത്തിലെ പോരായ്മയും സുഗമമായ ജലവിതരണ തടസം സൃഷ്ടിക്കുന്നു. സ്ഥിരംജീവനക്കാരില്ലാത്തതും, വ്യവസ്ഥാപിതമായ മാർഗത്തിലൂടെ ജീവനക്കാരെ നിയമിക്കാത്തതും ജലവിതരണത്തിന് വിഘാതമാണ്. പദ്ധതി നടത്തിപ്പ് പുറംകരാർ നൽകാനുള്ള നടപടിക്കെതിരെ യൂണിയൻ പ്രക്ഷോഭത്തിലാണ് .
നീക്കം ഉപേക്ഷിക്കണം
കുടിവെള്ള വിതരണ പദ്ധതി സമയം വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി തളിപ്പറമ്പ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) നിവേദനം നൽകി. ഇരിക്കൂർ പെരുവളത്ത്പറമ്പ് ജിക്ക പ്ലാന്റിന് സമീപം നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി സഹദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ സുരേഷ് എന്നിവർ പ്രസംഗിച്ചു. ബിജു ആമ്പിലോത്ത് അദ്ധ്യക്ഷത വഹിച്ചു. ഇടയത്ത് മോഹനൻ സ്വാഗതം പറഞ്ഞു.