കാഞ്ഞങ്ങാട്: കേരളത്തിന് ഒരു എയിംസ്, അത് കാസർകോട് ജില്ലയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വാട്സ് ആപ്പ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ജില്ലയിലെ കാൽ ലക്ഷത്തോളം ഫേസ്ബുക്ക് അംഗങ്ങളും 35 ലധികം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രതിഷേധം നടക്കും. ആരോഗ്യ രംഗത്തു അടിസ്ഥാന സൗകര്യങ്ങളിൽ കാലങ്ങളായി ഏറെ പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയിലെ സാധാരണക്കാരായ മനുഷ്യർക്ക് മികച്ച ആരോഗ്യ സേവനം നൽകുവാൻ സർക്കാർ മുൻകൈ എടുക്കേണ്ടതുണ്ട്. എയിംസ് എത്രയും വേഗം ജില്ലയിൽ യാഥാർത്ഥ്യമാക്കുവാൻ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ചെലുത്തുന്നതിനു വേണ്ടിയാണ് 'വേണം എയിംസ് കാസർകോട് ' വിളംബരം സംഘടിപ്പിക്കുന്നത്.

കാഞ്ഞങ്ങാട്, പുതിയകോട്ട, ആലാമിപള്ളി ,പടന്നക്കാട് , നീലേശ്വരം, ചെറുവത്തൂർ, കാലിക്കടവ് , നടക്കാവ് ,തൃക്കരിപ്പൂർ തുടങ്ങിയ നഗര ഗ്രാമപ്രദേശങ്ങളിലായിയാണ് എയിംസ് വിളംബരം സംഘടിപ്പിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും അതാത് പ്രദേശത്തെ ജനപ്രതിനിധികൾ സാമൂഹ്യ -രാഷ്ട്രീയ -സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. റിട്ട. അദ്ധ്യാപകൻ തൃക്കരിപ്പൂരിലെ പി.പി.കെ പൊതുവാൾ ചെയർമാനായും രാജേന്ദ്രൻ രാവണീശ്വരം കൺവീനറായും പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്.