കണ്ണൂർ : പൊലീസ് നിയമന ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി..വൈ. എഫ്.. ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്തയച്ചു. പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി 30ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗാർഥികളുടെ ആശങ്ക കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പൊലീസ് സേനയിലെ വിവിധ ഒഴിവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി എ.. എ.. റഹീമാണ് കത്തയച്ചത്. ചില സ്ഥാനക്കയറ്റങ്ങൾ മൂലമുണ്ടായ ഒഴിവുകളും വിവിധ ഭാഗങ്ങളിലേക്ക് ഡപ്യൂട്ടേഷൻ പോയ ഒഴിവുകളും ട്രെയിനിംഗിനിടയിൽ ജോലി ഉപേക്ഷിച്ചു പോയവരുണ്ടെങ്കിൽ ആ ഒഴിവുകളും കണ്ടെത്തി റിപ്പോർട്ട് ചെയ്യണം. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.
പി. എസ്.സി പ്രസിദ്ധീകരിച്ച പൊലീസ് സേനയിലേക്ക് നിയമനത്തിനായുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനകം 4699 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.. 2021 ഡിസംബർ അവസാനം വരെയുള്ള ഒഴിവുകൾ ഉൾപ്പടെ നേരത്തെ കൂട്ടി യഥാസമയം റിപ്പോർട്ട് ചെയ്ത സർക്കാരിന്റെ നടപടി ആശ്വാസകരമാണ്. ആയതിനാൽ ഇക്കാര്യത്തിൽ ക്രിയാത്മക ഇടപെടലുണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നിയമനം തുടങ്ങിയത് ഈ വർഷം
2017 ൽ വന്ന നോട്ടിഫിക്കേഷനിൽ നിന്നും പരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും കഴിഞ്ഞ് നിയമനം ആരംഭിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്.കേരളത്തിൽ മൊത്തം ഏഴ് ബറ്റാലിയനുകളിൽ നടന്ന പരീക്ഷയുടെ ഫലം വന്ന് 2019 ജൂലായ് ഒന്നിനാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. കേവലം ഒരു വർഷം മാത്രം കാലാവധിയുള്ള ലിസ്റ്റിന് തിരിച്ചടിയായത് യൂണിവേഴ്‌സിറ്റി കോപ്പിയടി പ്രശ്‌നമായിരുന്നു. അഞ്ചു മാസത്തോളം എല്ലാ ബറ്റാലിയനുകളുടെയും ലിസ്റ്റുകൾ മരവിപ്പിക്കുകയായിരുന്നു..
കെ.എ.പി നാലാം ബറ്റാലിയന്റെ ലിസ്റ്റിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളുള്ളത്. 1287 പേർ മെയിൽ ലിസ്റ്റിലും 583 പേർ സപ്ലിമെന്ററി ലിസ്റ്റിൽ നിന്നുമായി ആകെ മൊത്തം 1870 പേരാണ് ഉള്ളത്. എന്നാൽ ഇതിൽ നിന്നും കേവലം 307 പേർക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളൂ.