തളിപ്പറമ്പ്: ഓട്ടോറിക്ഷകൾക്ക് തളിപ്പറമ്പിൽ ഒറ്റ- ഇരട്ട അക്ക നമ്പർ സംവിധാനത്തിൽ മാത്രം ഓട്ടം നടത്താൻ അനുമതി. വരുമാനം കുറഞ്ഞ സാഹചര്യത്തിൽ നഗരസഭാപരിധിയിൽ ഒറ്റ-ഇരട്ട അക്ക നമ്പർ സംവിധാനം വീണ്ടും ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ ചെയർമാൻ അള്ളാംകുളം മഹ് മൂദ് വിളിച്ചു ചേർത്ത സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് തീരുമാനമായത്.
29 മുതൽ സംവിധാനം നിലവിൽ വരും. ഒരു ദിവസം മുഴുവനായി ഓട്ടം നടത്തി 200 രൂപ പോലും തികക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി. ഇതിനിടെ നമ്പർ ഇല്ലാത്ത ഓട്ടോകൾ നഗരത്തിൽ സർവീസ് നടത്തുന്നതും തിരിച്ചടിയായി. 29ന് ഇരട്ട അക്ക നമ്പർ ഉള്ള ഓട്ടോറിക്ഷകളാണ് സർവീസ് നടത്തേണ്ടത്. ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക ഓട്ടോറിക്ഷകൾ സർവീസ് നടത്തും. ഒറ്റ അക്കമുള്ള ഓട്ടോറിക്ഷകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഓടേണ്ടത്. 29 കഴിഞ്ഞുള്ള തിങ്കളാഴ്ച ഒറ്റ അക്ക നമ്പർ ഉള്ള വർ ഓടിത്തുടങ്ങും. ഇത്തരത്തിൽ ഓരോ ആഴ്ചയും നമ്പർ മാറി വരും. രജിസ്റ്റർ നമ്പർ ആണ് പരിഗണിക്കുക.