കാസർകോട്:അഞ്ച് ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ മംഗളൂരുവിൽ ജനം ആശങ്കയിൽ. വെൻലോക്ക് ആശുപത്രിയിലെയും മാതൃശിശു ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതേത്തുടർന്ന് 30 ഡോക്ടർമാരെ നിരീക്ഷണത്തിൽ അയക്കുകയും ഡോക്ടർമാർ താമസിച്ച ഹോസ്റ്റൽ അടക്കുകയും ചെയ്തു.
അതേസമയം സബ് ഇൻസ്‌പെക്ടർക്ക് കൊവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഉള്ളാൾ പൊലീസ് സ്റ്റേഷൻ അടച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈയ് നിലാക്കി. സ്റ്റേഷന്റെ ഭാഗിക പ്രവർത്തനം താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉള്ളാൾ മേഖലയിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരമുണ്ടായില്ല. ഉള്ളാളിലെ 57കാരി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിസാരം ബാധിച്ച് തൊക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ടാം ദിവസം സ്രവം പരിശോധനയച്ചപ്പോഴാണ് ഫലം പോസിറ്റീവായത്.
ഇതേത്തുടർന്ന് ആശങ്കയിലായ ഉള്ളാൾ കോദി, ആസാദ് നഗർ മേഖലയിലുള്ളവർ സ്വയം ആശുപത്രികളിൽ ചെന്ന് കൊവിഡ് പരിശോധനക്ക് വിധേയരായി. കോദിയിലെ യുവതി, ആസാദ് നഗറിലെ മധ്യവയസ്‌കരായ പുരുഷനും സ്ത്രീയും പോസിറ്റീവായി. ഇതോടെ ഉള്ളാൾ പൊലീസ് സ്റ്റേഷനിലെ എസ് .ഐ. പരിശോധനയ്ക്ക് വിധേയനായതോടെയാണ് പോസിറ്റീവായത്. ഉള്ളാലിൽ സമൂഹ വ്യാപനസാദ്ധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.