തളിപ്പറമ്പ്: നഗരസഭാ കൗൺസിലർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് പൊലീസ് കേസെടുത്തു. നഗരസഭാ തൃച്ചംബരം വാർഡ് കൗൺസിലറും മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റുമായ രജനി രമാനന്ദിനെതിരെ വ്യാജപ്രചാരണങ്ങൾ നടത്തിയെന്ന പരാതിയിലാണ് കേസ്. നഗരസഭയേയും ആക്ഷേപിക്കുന്ന രീതിയിൽ പ്രചാരണം ഉണ്ടായതിനെതുടർന്ന് ചെയർമാൻ അള്ളാംകുളം മഹമ്മൂദും രജനി രമാനന്ദും ആണ് തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. തൃച്ചംബരം വാർഡിലെ ഇലത്താളം വയലിൽ നടന്നുവരുന്ന നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് വ്യാജപ്രചാരണം നടക്കുന്നത്. ഇലത്താളം വയലിന്റെ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓവുചാൽ നിർമ്മാണം നടന്നുവരികയാണ്.