കണ്ണൂർ: സ്‌കൂളുകളിലെ വൃത്തിഹീനമായ ടോയ്ലറ്റുകൾ ഇനി പഴങ്കഥ മാത്രമാകും. ടോയ്ലറ്റുകൾ വൃത്തിയാക്കാൻ ഇനി വാട്ടർ ജെറ്റ് ക്ലീനറുകളുണ്ട്. ശുചീകരണത്തിനായി കൈകൾ ഉപയോഗിക്കുകയോ കൂടുതൽ സമയം ചെലവിടുകയോ വേണ്ട. കൊവിഡ് 19 ഉം മഴക്കാല രോഗങ്ങളും ഭീതി പരത്തുന്ന സാഹചര്യത്തിൽ സ്‌കൂൾ പരിസരവും ശുചിമുറികളും വൃത്തിയായി സൂക്ഷിക്കേണ്ട ഘട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് സഹായകമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ ആധുനിക സംവിധാനം ഒരുക്കിയത്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 73 ഗവ.സ്‌കൂളുകൾക്കാണ് ഹൈ പ്രഷർ വാട്ടർ ജെറ്റ് ക്ലീനറുകൾ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിർവഹിച്ചു. കണ്ണാടിപറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഇ രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രസ് സി കെ ഗീത, പി ടി എ പ്രസിഡന്റ് പി പി ശശിരാജൻ എന്നിവർക്ക് വാട്ടർ ജെറ്റ് ക്ലീനറുകൾ വിതരണം ചെയ്തുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ പി ജയബാലൻ , ടി ടി റംല, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂൽ, പി പി ഷാജിർ, സെക്രട്ടറി വി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
ടോയ്ലറ്റുകളിൽ ക്ലീനറുകൾ കൂടി ലഭ്യമാക്കുന്നതോടെ സ്‌കൂളുകളിലെ ടോയ്ലറ്റ് സംവിധാനത്തിൽ വലിയ മാറ്റം തന്നെ സൃഷ്ടിക്കാൻ കഴിയും.
കെ.വി സുമേഷ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്