തളിപ്പറമ്പ്: അപകട വളവുകൾ നിവർത്തി തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാതയിലെ റോഡ് വികസന പ്രവൃത്തികൾ ആരംഭിച്ചു. നിർമ്മാണ പ്രവൃത്തി തുടങ്ങുന്നതിന്റെ ഭാഗമായി ഗവ. ആശുപത്രി പരിസരത്ത് റോഡിലേക്ക് തള്ളി നിൽക്കുന്ന ട്രാൻസ്ഫോർമർ കെ.എസ്..ഇ.ബി മാറ്റി സ്ഥാപിച്ചു. സംസ്ഥാന പാത-36 ന്റെ വികസനത്തിൽ റോഡിലെ 9 അപകടവളവുകൾ നിവർത്തി റോഡ് വീതി കൂട്ടുന്നതിന് കൃഷി വകുപ്പിന്റെ അറുപത് സെൻ്റ് സ്ഥലം വിട്ട് കിട്ടാൻ അനുമതിയായതോടെ ആണ് പ്രവൃത്തി ആരംഭിച്ചത്.

കരിമ്പം കൃഷിത്തോട്ടത്തിലൂടെ കടന്നുപോകുന്ന 700 മീറ്റർ റോഡിന്റെ വീതി 15 മീറ്ററായിട്ടാണ് വർദ്ധിപ്പിക്കുന്നത്. 56.35 ഹെക്ടർ വിസ്തൃതിയുള്ള ഫാമിന്റെ 0.4697 ഹെക്ടർ സ്ഥലമാണ് ഇതുപ്രകാരം വിട്ടുനല്‍കുക. 123 മരങ്ങൾ ഇവിടെ നിന്ന് മുറിച്ചുനീക്കും. 1480 മീറ്റർ വരുന്ന ഫാമിന്റെ ചുറ്റുമതിലും പൊളിച്ചുനീക്കും. ഏറെ വാഹനാപകടങ്ങൾ നടന്ന പതിനൊന്നാം വളവ് ഉൾപ്പെടെ ഇതോടെ വീതീകൂട്ടി ഡിവൈഡർ പണിത് അപകടരഹിതമാക്കാൻ കഴിയും. ചൊറുക്കള മുതൽ തളിപ്പറമ്പ് കപ്പാലം വരെ റോഡിന് നടുവിൽ ഡിവൈഡുകളും സോളാർ വഴിവിളക്കുകളും സ്ഥാപിക്കുന്നുണ്ട്.