മട്ടന്നൂർ: അബുദാബിയിൽ നിന്ന് ഇത്തിഹാദ് എയർ ലൈൻസിന്റെ ആദ്യ വിമാനം അടക്കം ഇതുവരെയായി എട്ട് വിദേശ വിമാന കമ്പനികൾ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങി. 120 സർവീസുകളിലായി 20,124 യാത്രക്കാരാണ് ഇവിടെ ഇറങ്ങിയത്. കൊവിഡ് കാലത്തെ പ്രത്യേക അനുമതി മുഖേന ആണ് പ്രമുഖ വിദേശ വിമാനങ്ങൾ എത്തിയതെങ്കിലും കണ്ണൂരിന് ഉടൻ സമ്പൂർണ അനുമതി ലഭിച്ചേക്കുമെന്നാണ് വിവരം.
കണ്ണൂരിൽ വിദേശ വിമാനകമ്പനികൾക്ക് സർവിസ് നടത്തുന്നതിനുള്ള പോയന്റ് ഓഫ് കാൾ അനുമതി കേന്ദ്ര സർക്കാർ ഇതുവരെ നൽകിയിരുന്നില്ല. പലതവണ സർക്കാറും കിയാലും ജനപ്രതിനിധികളും കേന്ദ്ര സർക്കാറിന് അപേക്ഷ സമർപ്പിച്ചെങ്കിലും പുതിയ വിമാനത്താവളം എന്ന പേരിൽ നിഷേധിക്കപ്പെടുകയായിരുന്നു. ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ രാജ്യങ്ങളുടെ വ്യോമാതിർത്തി അടച്ച് വിമാന സർവിസുകൾ നിർത്തിയത് കണ്ണൂരിനെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാൽ, വ്യോമാതിർത്തികൾ തുറന്ന് പ്രവാസികളെ കൊണ്ടുവരാൻ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയതോടെയാണ് കാർഗോ സർവീസിനും അനുയോജ്യമായ വിദേശ കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ എത്തിയത്.ലോക്ക്ഡൗണിനെ തുടർന്ന് വരുമാനത്തിൽ പ്രതിസന്ധി നേരിടുന്ന വിമാനത്താവളത്തിന് ഇത് മറികടക്കാൻ ഇത്തരം നടപടികൾ അത്യാവശ്യമാണ്.വിദേശ കമ്പനികളുടെ വിമാനങ്ങൾ കണ്ണൂരിൽ എത്തിയതോടെ വീണ്ടും പോയന്റ് ഓഫ് കാൾ അനുമതി എന്ന ആവശ്യം ഉയരുകയാണ്
ക്രമീകരണം സുഗമം
കൊവിഡ് പ്രതിസന്ധികാലത്ത് കണ്ണൂർ വിമാനത്താവളം പിന്നിട്ടത് നാഴികക്കല്ലാണ്. ഒരേ ദിവസം വൈഡ്‌ബോഡി എയർ ക്രാഫ്റ്റുകൾ ഉൾപ്പെടെ 17 ചാർട്ടേഡ് ഫ്‌ളൈറ്റുകൾ വരെയിറങ്ങിയിട്ടും ക്രമീകരണങ്ങൾ സുഗമമായി നടന്നു. കൊവിഡ് പ്രതിസന്ധിക്കു ശേഷം രാജ്യാന്തര വിമാനത്താവളം വിപുലമാക്കാൻ കഴിയുമെന്നതിന്റെ വലിയ തെളിവാണ് ഇപ്പോഴത്തെ പ്രവർത്തനം .നല്ല തിരക്കുള്ള സമയത്ത് ഒരു മണിക്കൂറിനിടെ നാല് വിമാനങ്ങൾ വരെ ലാൻഡ് ചെയ്തു.നാല് വൈഡ്‌ബോഡി വിമാനങ്ങളാണ് ഇതുവരെ എത്തിയത്. സൗദി എയർ, കുവൈത്ത് എയർലൈൻസ്,എയർഇന്ത്യ, എയർ അറേബ്യ വിമാനങ്ങളാണിവ. 350ലേറെ യാത്രക്കാരുമായെത്തുന്ന ബോയിംഗ് 777 വിമാനങ്ങൾക്ക് സുഗമമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നും ഇതോടെ വ്യക്തമായി.
120 സർവീസുകൾ
20,124 പ്രവാസികൾ