കാസർകോട് :വീട്ടിൽ വിൽപ്പനക്ക് സൂക്ഷിച്ച പത്തു കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടിച്ചു. ജോട്ക്കല്ല് മുടുന്തൂരിലെ അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാവിലെ കുമ്പള എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കട്ടിലിനടിയിൽ ചാക്ക് കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്‌സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുന്ന വിവരം മണത്തറിഞ്ഞ ഗഫൂർ മുങ്ങിയെന്നാണ് വിവരം. ഗഫൂറിനെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിട്ടുണ്ട്. രാത്രി കാലങ്ങളിൽ കർണ്ണാടക അതിർത്തിയെല ഊടുവഴിയിൽ കൂടിയാണ് കഞ്ചാവ് എത്തിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രാത്രികാല പരിശോധന ശക്തമാക്കാൻ തീരുമാനിച്ചു. രണ്ടാഴ്ച്ച മുമ്പ് ബേക്കൂറിൽ കാർ തടഞ്ഞി നിർത്തി ഗഫൂറിനേയും സുഹൃത്തിനേയും വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതും കഞ്ചാവ് സംഘം തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എക്‌സൈസ് പ്രിവിന്റീവ് ഓഫീസർ രജേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ കണ്ണൻകുഞ്ഞി, ഗണേഷ്, ശ്രീജീഷ്, ഹസ്രത്ത് അലി, വനിത സിവിൽ ഓഫിസർ ശാലിനി എന്നിവർ ചേർന്നാണ് വീട്ടിൽ പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.