food

കണ്ണൂർ:ലോക്ഡൗൺ കാലത്ത് ഒരു ദിവസം പറശ്ശിനിക്കടവിലും പരിസരങ്ങളിലും പട്ടിണിയിൽ അവശരായി കിടന്ന തെരുവു നായകളെ കണ്ട് എട്ടാം ക്ളാസ് വിദ്യാ‌ർത്ഥിനിയായ ശ്രീയയുടെ മനസ് നൊന്തു. ആ കാരുണ്യത്തിൽ നിന്ന് അവൾ ഒരു കുഞ്ഞു ദൗത്യം തുടങ്ങി - തെരുവു നായ്‌ക്കൾക്ക് അന്നദാനം. അഞ്ചാറ് ഭക്ഷണപ്പൊതിയുമായി തുടങ്ങിയതാണ്. ഇപ്പോൾ അമ്പത് പൊതികളായി.

പൊയ്യൂർ കൈപ്രത്ത് ഹൗസിൽ തയ്യൽ തൊഴിലാളിയായ പ്രേമരാജന്റെ മകളാണ് ശ്രീയ. പ്രേമരാജന്റെ സഹോദരന്റെ മകനും ഫോട്ടോഗ്രാഫറുമായ സുജീഷും സഹായത്തിനുണ്ട്. പട്ടിണിയും ബുദ്ധിമുട്ടുമുണ്ടെങ്കിലും ശ്രീയയ്‌ക്ക് ഒരു കാര്യം നി‌ർബന്ധമാണ് - തങ്ങൾ കഴിച്ചില്ലെങ്കിലും മിണ്ടാപ്രണികളെ ഊട്ടണം. ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല. നായ്‌ക്കളെ ഊട്ടിയിട്ടേ ഇവർ ഉച്ചയൂണ് കഴിക്കൂ.

ശ്രീയയും സുജീഷും അമ്പതോളം പൊതിച്ചോറുകളുമായി തെരുവിലേക്കിറങ്ങും. ഇവരുടെ നിഴൽ കണ്ടാൽ മതി. പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ പരിസരത്ത് ആദ്യം കൈസറെത്തും. പിന്നാലെ ഹിറ്റ്ലറും ജോണിയും. പിന്നെ ഒരു വരവാണ്. തെരുവോരങ്ങളിലെല്ലാം 'അന്നദാതാക്കളെ' കാത്ത് നായ്‌ക്കൾ ഇരിക്കും. വയറു നിറയെ ഭക്ഷണം കഴിച്ച് പോകുമ്പോൾ അവറ്റകൾ ശ്രീയയെയും സുജീഷിനെയും നോക്കിയൊന്ന് തലകുലുക്കി വാലാട്ടും.

റേഷനരി കൊണ്ടാണ് ചോറ്. മെനുവിൽ നോൺ വെജും ഉണ്ട്. മത്സ്യ വിൽപ്പനക്കാരും മറ്റും സഹായിക്കും. ചോറും മീൻകറിയും. ചിലപ്പോഴൊക്കെ മീൻ ഫ്രൈയും.

ശ്രീയ

''ഭക്ഷണപൊതികൾ കൊടുക്കുമ്പോൾ തന്നെ അറിയാം, അവ എത്രമാത്രം വിശപ്പ് സഹിച്ചാണ് കഴിയുന്നതെന്ന്. ബുദ്ധിമുട്ടൊക്കെ ഒരു പാടുണ്ട്. എന്നാലും കഴിയുന്ന കാലം വരെ ഇവയ്ക്ക് പൊതിച്ചോറ് നൽകണമെന്നാണ് ആഗ്രഹം''.