കണ്ണൂർ: മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുങ്ങി വീണ്ടും കണ്ണൂർ കോർപ്പറേഷൻ. തിരഞ്ഞെടുപ്പ് വിജയത്തിനു വേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഇരുമുന്നണികളും. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പി.കെ. രാഗേഷ് വിജയിച്ചത് യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്.

വിജയസാധ്യത കുറവാണെങ്കിലും മേയർ സ്ഥാനത്തിനായുള്ള ചരടു വലികൾ എൽ.ഡി.എഫും നടത്തുന്നുണ്ട്. നിലവിലുള്ള കോപ്പറേഷന്റെ ഭരണസമിതി കാലാവധിക്കിടെ മേയർ സ്ഥാനത്തേക്ക് നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. മുൻ മേയർ സുമാ ബാലകൃഷ്ണൻ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

കോൺഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പി.കെ. രാഗേഷിന്റെ പിന്തുണയിൽ പ്രഥമ കണ്ണൂർ കോർപ്പറേഷന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ ഇ.പി ലതയെ തന്നെയാണ് മേയർ സ്ഥനത്തേക്ക് എൽ.ഡി.എഫ് മത്സരിപ്പിക്കുന്നതെന്നാണ് സൂചന. ലീഗും കോൺഗ്രസുമായുള്ള മുൻധാരണ പ്രകാരം ലീഗിലെ സി. സീനത്തിനെയാണ് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്ന സീനത്ത് ഫെബ്രുവരിയിൽ തൽസ്ഥാനം രാജിവെച്ചിരുന്നു.

കോർപ്പറേഷനിലെ നിലവിലെ കക്ഷിനില അനുസരിച്ച് യു.ഡി.എഫിന് 28 അംഗങ്ങളും എൽ.ഡി.എഫിന് 27 അംഗങ്ങളുമാണുള്ളത്. യു.ഡി.എഫിൽ കോൺഗ്രസിന് പതിനെട്ടും, മുസ്ലീം ലീഗിന് പത്തും കൗൺസിലർമാരുമാണുള്ളത്. ജൂലായ് 8ന് രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടർക്ക് നിർദേശം നൽകി.