കണ്ണൂർ: നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന് (എൻ.ടി.സി) കീഴിലുള്ള കക്കാട് സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽ ലോക്ക് ഡൗൺ ഇളവ് ലഭിച്ചിട്ടും തുറക്കാത്തതിൽ പ്രതിഷേധവുമായി തൊഴിലാളികൾ. ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട മറ്റ് എല്ലാ വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടും മിൽ തുറക്കാൻ മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.താല്പര്യമെടുക്കുന്നില്ലെന്നാണ് പരാതി. ഇതോടെ 800 ൽ അധികം വരുന്ന തൊഴിലാളികൾ പ്രതിസന്ധിയിലാണ്.
താൽക്കാലിക തൊഴിലാളികളായ 300 പേർക്ക് മൂന്ന് മാസമായി ശമ്പളമില്ലാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു. ഇവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികൾ ആയതുകൊണ്ട് കൊവിഡ് വ്യാപനഭീതിയിൽ നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചയച്ചു. ബാക്കി വരുന്ന സ്ഥിരം തൊഴിലാളികൾക്ക് ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷമുള്ള ഒരു മാസത്തെ മുഴുവൻ ശമ്പളവും നല്കിയിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് മാസം 50 ശതമാനം ശമ്പളമാണ് നല്കിയത്.
വിഷയം തൊഴിലാളികൾ നിരന്തരമായി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് മേയ് മാസത്തെ പകുതി ശമ്പളം അനുവദിച്ചത്. ലോക്ക് ഡൗണിൽ തൊഴിലാളികൾ പ്രതിസന്ധിയിൽ കഴിയുമ്പോഴാണ് കോർപ്പറേഷന് കീഴിലുള്ള സ്ഥാപനത്തിൽ തന്നെ ഇങ്ങനെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. സംസ്ഥാന സർക്കാറിന് കീഴിലെ മുഴുവൻ സ്പിന്നിംഗ് മില്ലുകളും തുറന്ന് തൊഴിലാളികൾക്ക് തൊഴിലും വേതനവും ഉറപ്പു വരുത്തിയ സാഹചര്യത്തിൽ കക്കാട് സ്പിന്നിംഗ് മില്ലും തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതിഷേധ ധർണ്ണ
സ്ഥാപനം അടിയന്തരമായും മിൽ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ടെക്സ്റ്റൈയിൽസ് മിൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പ്രതിഷേധ ധർണ്ണ നടത്തി. സി.ഐ.ടി.യു നേതാവ് കാടൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി. അശോകൻ, സി.പി പ്രസന്നൻ, കെ.സി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
മാഹിയിലും തൊഴിലാളി സമരം
എൻ.ടി.സിക്ക് കീഴിലെ ഈസ്റ്റ് പള്ളൂർ കേനന്നൂർ സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽ മാഹി ശാഖയിലെ തൊഴിലാളികളും സമരത്തിലാണ്. അവിടെ ഏപ്രിൽ മാസം ലഭിക്കേണ്ട ശമ്പളത്തിന്റെ 70 ശതമാനം മാത്രമേ തൊഴിലാളികൾക്ക് നൽകിയിട്ടുള്ളുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം തൊഴിലാളികൾ സമരത്തിനിറങ്ങുകയായിരുന്നു. 50 ശതമാനം ശമ്പളം മതിയെന്ന് സത്യവാങ്ങ്മൂലം എഴുതി കൊടുക്കാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടതായും ആരോപണമുയർന്നു.
മിൽ തുറന്ന് പ്രവർത്തിക്കാൻ കോയമ്പത്തൂരിലുള്ള ഹെഡ് ഓഫീസുമായി ബന്ധപ്പെടണം. സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നിർദ്ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇതുവരെ ലഭിക്കുന്ന മറുപടി.
എം. ഷാജി, ടെക്സ്റ്റൈൽസ് മിൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജോയിന്റ് സെക്രട്ടറി