തൃക്കരിപ്പൂർ: നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടുമതിലും വൈദ്യുതി തൂണും തകർന്നു. ഇടയിലക്കാട് നാഗവനത്തിന് പരിസരത്തെ കെ.പി. സരോജിനിയുടെ വീടിന്റെ മുൻഭാഗത്തെ ചുറ്റുമതിലാണ് തകർന്നത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മതിലിനോടൊപ്പം പരിസരത്തു തന്നെയുള്ള വൈദ്യുതി പോസ്റ്റും തകർന്നു.

വിവരമറിയിച്ചതിനെ തുടർന്ന് തൃക്കരിപ്പൂർ വൈദ്യുതി സെക്ഷൻ ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് റോഡിലേക്ക് പൊട്ടിവീണ കമ്പികൾ മുറിച്ചുമാറ്റി. 15 മീറ്ററോളം മതിൽ തകർന്നു. വെളുത്ത കാറാണ് അപകടം വരുത്തിയതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ തിരിച്ചറിഞ്ഞിട്ടില്ല. കാറിന്റെ തകർന്ന ഭാഗം ശേഖരിച്ചിട്ടുണ്ട്. ചന്തേര പൊലീസിൽ പരാതി നൽകി.