തളിപ്പറമ്പ്: റോഡരികിൽ വച്ചുപിടിപ്പിച്ച വൃക്ഷങ്ങൾ ഭീഷണിയിൽ. പാതയോരം തണലോരം പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ്-ആലക്കോട് സംസ്ഥാനപാതയോരത്ത് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നട്ടു പിടിപ്പിച്ച തണൽമരങ്ങൾക്കും ഫലവൃക്ഷങ്ങൾക്കുമാണ് പിഴുതുമാറ്റൽ ഭീഷണിയുള്ളത്.
ഏഴു വർഷം പ്രായമായ പുളിമരം സ്വകാര്യ വ്യക്തി മുറിച്ചു മാറ്റിയതായി ആണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരങ്ങാട് കള്ളുഷാപ്പിന് മുന്നിൽ നട്ട പുളിമരം മണ്ണുമാന്തി ഉപയോഗിച്ച് പിഴുത് മരത്തിന്റെ ശാഖകൾ കുഴിച്ചുമൂടിയത്.
ഡ്രൈഡേ ആയതിനാൽ ഷാപ്പ് അവധിയായ സാഹചര്യം മുതലെടുത്ത് നാട്ടുകാരുടെ പ്രതിരോധം ഒഴിവാക്കിയാണ് മരം മുറിച്ചത്. മൊത്തമായി പിഴുതു മാറ്റിയ മരത്തിന്റെ ശാഖകൾ ആരും കാണാതിരിക്കാൻ കോമ്പൗണ്ടിൽ തന്നെ മണ്ണിട്ട് മൂടുകയായിരുന്നു. ഈ ഭാഗത്ത് റോഡരികിൽ നിരവധി ഒട്ടുമാവുകളും പ്ലാവ്, പുളി എന്നിവയും നട്ടുവളർത്തിയിട്ടുണ്ട്. നാട്ടുകാരാണ് മരങ്ങൾ സംരക്ഷിച്ചുവരുന്നത്. കാഞ്ഞിരങ്ങാട് ക്ഷേത്രം മുതൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് വരെ നൂറുകണക്കിന് മരങ്ങൾ സംരക്ഷിക്കുന്നുണ്ട്. മുറിച്ച മരത്തിന് സമീപം റോഡരികിലുള്ള മറ്റു മരങ്ങൾ കൂടി പിഴുതുമാറ്റാനുള്ള സാദ്ധ്യത ഉണ്ടെന്നാന്നാണ് നാട്ടുകാർ പറയുന്നത്. മരം പിഴുതുമാറ്റിയ സംഭവത്തിൽ മലബാർ അസോസിയേഷൻ ഫോർ നേച്വർ-മാൻ പ്രതിഷേധിച്ചു.