തലശ്ശേരി: നഗരസഭാ പരിധിയിലെ പള്ളികളിൽ നമസ്‌കാരം ആരംഭിക്കാൻ തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് യോഗം തീരുമാനിച്ചു. ലോക് ഡൗണിനെ തുടർന്ന് മൂന്ന് മാസക്കാലമായി പൂട്ടിക്കിടന്ന 51 പള്ളികളിൽ തുറക്കുന്നവ കേന്ദ്ര കേരള സർക്കാറുകളുടെ നിബന്ധനകളും നിർദേശങ്ങളും പള്ളി കമ്മിറ്റികളുടെ ഉത്തരവാദിത്ത്വത്തിൽ പൂർണ്ണമായി പാലിക്കുമെന്ന് യോഗം അറിയിച്ചു. പ്രസിഡന്റ് അഡ്വ: സി.ഒ.ടി ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ഖാസി ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മാസ്‌ക് ധരിച്ചാണ് പള്ളിയിൽ പ്രവേശിക്കേണ്ടതെന്നും പള്ളിയിൽ വരുന്നവർ തിരിച്ചറിയൽ രേഖ സഹിതം വരേണ്ടതാണെന്നും പേരും വിലാസവും ഫോൺ നമ്പറും രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണെന്നും യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി അഡ്വ: പി.വി സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി കെ.പി നജീബ് നന്ദിയും പറഞ്ഞു.