auditorium
ആളും ആരവുമില്ലാതെ ഓഡിറ്റോറിയങ്ങൾ

കാഞ്ഞങ്ങാട്: ഒരു വിവാഹത്തിന് തീയതി കാണുമ്പോൾ ആദ്യം ഓഡിറ്റോറിയങ്ങൾ ഒഴിവുണ്ടോയെന്ന് അന്വേഷിക്കുന്ന കാഴ്ചയാണ് മാസങ്ങൾക്ക് മുമ്പ് വരെയുണ്ടായിരുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ അടച്ചിടേണ്ടിവന്ന ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യാൻ ഇപ്പോഴും ഒരു കോളുകൾ പോലും എത്തുന്നില്ല. തീർത്തും വിജനമായി പൂട്ടിയിട്ട ഓഡിറ്റോറിയങ്ങളാണ് നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോൾ കാണാനാവുക.

പൂട്ടിയിട്ട ഈ ഓഡിറ്റോറിയങ്ങൾ എന്നാണ് തുറക്കാനാവുകയെന്നത് സംബന്ധിച്ച് ഒരു നിശ്ചയവുമില്ലാതെ കഴിയുകയാണ് ഉടമകളും. നേരത്തെ രജിസ്റ്റർ ചെയ്ത വിവാഹങ്ങളൊക്കെയും ബുക്കിംഗ് കാൻസലാക്കി. നഗരത്തിലെ രണ്ട് ഓഡിറ്റോറിയങ്ങളിലായി മൂന്നു മാസത്തിനുള്ളിൽ ബുക്കിംഗ് റദ്ദാക്കിയത് 30 വിവാഹങ്ങളാണ്. നഗരത്തിൽ നിന്ന് അല്പം വിട്ടുമാറിയുള്ള മറ്റൊരു ഓഡിറ്റോറിയത്തിൽ 20 വിവാഹങ്ങളും ഒഴിവായി. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ 19 വിവാഹങ്ങളാണ് ബുക്കിംഗ് റദ്ദാക്കിയത്.

സമ്പൂർണ ലോക്ക് ഡൗൺ കാലത്ത് വിവാഹച്ചടങ്ങിൽ 20 പേർക്ക് മാത്രമായിരുന്നു പങ്കെടുക്കാൻ അനുവാദം. ലോക്ക് ഡൗൺ ഇളവുകളോടെ ഇത് 50ലേക്ക് ഉയർന്നു. അക്കാലത്ത് പല വിവാഹങ്ങളും മാറ്റിവച്ചിരുന്നെങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീളുമെന്ന് കണ്ടതോടെ പലരും വിവാഹം ലളിതമാക്കി വീടുകളിൽ തന്നെ നടത്തുകയായിരുന്നു. ക്ഷേത്രങ്ങളിലും ഓഡിറ്റോറിയങ്ങളിലും വച്ച് വിവാഹം നടത്താൻ അനുമതിയുണ്ടെങ്കിലും ചുരുങ്ങിയ ആളുകൾ മാത്രം പങ്കെടുക്കുന്ന ചടങ്ങ് എന്തിന് ഓഡിറ്റോറിയത്തിൽ നടത്തണമെന്ന ചിന്തയാണ് ആളുകളിൽ.

കാഞ്ഞങ്ങാടും പരിസരങ്ങളിലുമായി ചെറുതും വലുതുമായ 8 ഓഡിറ്റോറിയങ്ങളുണ്ട്. വിവാഹങ്ങൾക്ക് പുറമെ സാംസ്‌കാരിക- രാഷ്ട്രീയ പരിപാടികളും ഓഡിറ്റോറിയങ്ങളിൽ നടക്കാറുണ്ട്. എന്നാൽ ഈ പരിപാടികളും നടക്കാതായതോടെ ഓഡിറ്റോറിയങ്ങൾ അടച്ചുപൂട്ടലിൽ തന്നെയാണ്. ഓരോയിടത്തും ശമ്പള ജോലിക്കാരുടെ വേതനവും വൈദ്യുതി ജല ബില്ലുകളും ഉടമകൾ കൊടുത്തുകൊണ്ടിരിക്കുന്നത് നഷ്ടമായി ഉടമകൾ ചൂണ്ടിക്കാട്ടുന്നു.


ഭക്ഷണം തയ്യാറാക്കുന്നവർ പട്ടിണിയിൽ


ഓഡിറ്റോറിയങ്ങൾ പൂട്ടിയിടേണ്ട സ്ഥിതിയായതോടെ ഇതുമായി ബന്ധപ്പെട്ട് ജീവിതം കണ്ടെത്തിയിരുന്നവരെല്ലാം പ്രതിസന്ധിയിലായി. ഇതിൽ പ്രധാനം പാചകക്കാരും ഭക്ഷണം വിളമ്പുന്നവരുമൊക്കെയാണ്. ആയിരവും രണ്ടായിരവും പേർക്ക് ഭക്ഷണം പാകംചെയ്ത് വിളമ്പിക്കൊടുക്കാൻ ചുരുങ്ങിയത് 30 പേരെങ്കിലും വേണം. ചിലർക്കിത് ഉപജോലികളാണെങ്കിൽ ചിലർ ഇതുകൊണ്ടുമാത്രം ജീവിതം നയിക്കുന്നു. ഓഡിറ്റോറിയങ്ങളിലെ വേദികൾ അലങ്കരിക്കുന്നവരും പൂക്കളെത്തിക്കുന്നവരുമെല്ലാം പ്രതിസന്ധി നേരിടുന്നവരുടെ കൂട്ടത്തിലുണ്ട്.

വരുമാനം മുട്ടി ടൂറിസ്റ്റ് വാഹനങ്ങളും

വിവാഹങ്ങൾ ലളിതമായതോടെ ടൂറിസ്റ്റ് വാഹന ഡ്രൈവർമാരും പ്രതിസന്ധിയിലാണ്. ടൂറിസം മേഖലയാകെ അടഞ്ഞുകിടക്കുന്നതിനിടെയാണ് വിവാഹ ബുക്കിംഗും നിലച്ചത്. നേരത്തെ ഒരു വിവാഹ പാർട്ടി ഓഡിറ്റോറിയത്തിലെത്താൻ ചുരുങ്ങിയത് നാല് ടൂറിസ്റ്റ് ബസുകളെങ്കിലും വേണ്ടിവരുമായിരുന്നുവെന്നാണ് പറയുന്നത്. ചെറു വാഹനങ്ങളും എത്തും. നഗരത്തിൽ മാത്രം ഇരുപത്തഞ്ചിലേറെ ടൂറിസ്റ്റ് വാഹനങ്ങളുണ്ട്. വിവാഹങ്ങൾ പ്രധാനമായും നടക്കുന്ന മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് കൊവിഡ് പ്രതിസന്ധി വന്നുപെട്ടത്.

മൂന്നുമാസമായി അടച്ചിട്ടതിനാൽ 20 വിവാഹചടങ്ങുകളുടെ ബുക്കിംഗ് റദ്ദാക്കി.

തമ്പാൻ കിഴക്കുംകര,​ മാനേജർ

ചൈതന്യ ഓഡിറ്റോറിയം

വലിയ പ്രതിസന്ധി തന്നെയാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്.

ജനീഷ്,​ മാനേജർ,​

ആകാശ് കൺവെൻഷൻ സെന്റർ