കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ചുവെന്ന് മുഖ്യമന്ത്രി വരെ പ്രഖ്യാപിച്ച എക്‌സൈസ് ജീവനക്കാരൻ കെ.പി സുനിലിന്റെ ചികിത്സയിൽ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് പകൽ പോലെ വ്യക്തമായിരിക്കുകയാണെന്നും സുനിലിന് കൊവിഡ് ഉണ്ടായിരുന്നില്ല എന്ന പുതിയ പരിശോധനാ റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും രണ്ടുദിവസം കൊണ്ട് സുനിൽകുമാർ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ കിട്ടിയിട്ടില്ല എന്ന് സുനിൽ ഫോൺ മുഖാന്തരം കുടുംബാംഗങ്ങളോട് പറഞ്ഞത് യാഥാർത്ഥ്യമായിരിക്കുകയാണ്. നിരവധി വിലപ്പെട്ട ജീവനുകൾ ചികിത്സാ പിഴവ്മൂലം നഷ്ടപ്പെട്ടിട്ടും പൊതുപ്രവർത്തകർ ആക്ഷേപങ്ങൾ ഉന്നയിക്കുമ്പോഴും മെഡിക്കൽ കോളേജിനെ തകർക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ആശുപത്രി അധികൃതർ ചെയ്യാറുള്ളത്.

സുനിലിന്റെ കുടുംബത്തെ പൂർണ്ണമായും സംരക്ഷിക്കാൻ ഉടൻ നഷ്ടപരിഹാരം നല്കണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നല്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.