കണ്ണൂർ: ജില്ലയിൽ 11 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടു പേർ വിദേശത്ത് നിന്നും എട്ടു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. അതേസമയം കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 13 പേർ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു.
ജൂൺ 18ന് കുവൈറ്റിൽ നിന്നെത്തിയ ഉളിക്കൽ സ്വദേശി 31കാരനും 23ന് മസ്‌ക്കറ്റിൽ നിന്നെത്തിയ രാമന്തളി സ്വദേശി 44കാരനുമാണ് വിദേശത്തു നിന്നെത്തിയ രണ്ടു പേർ.
ജൂൺ ഏഴിന് ഡൽഹിയിൽ നിന്നെത്തിയ കൊളച്ചേരി സ്വദേശികളായ 30കാരൻ, 60കാരി, ഒൻപതിന് റോഡ് മാർഗം കണ്ണൂരിലെത്തിയ മംഗലാപുരം സ്വദേശിയായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ 31കാരൻ, 10ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയ ഡൽഹി സ്വദേശി കണ്ണൂർ ഡി.എസ്.സി സെന്ററിലെ 55കാരൻ, 12ന് ബെംഗളൂരുവിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി 27കാരി, 22ന് ബെംഗളൂരുവിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികളായ 46കാരൻ, 19കാരൻ, 30കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. എരഞ്ഞോളി സ്വദേശി 26കാരനാണ് സമ്പർക്കം വഴി രോഗബാധ ഉണ്ടായത്.
ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 405 ആയി. ഇവരിൽ 264 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മലബാർ സ്വദേശികളായ 39കാരൻ, 10 വയസ്സുകാരൻ, ആലക്കോട് സ്വദേശികളായ 27കാരൻ, 40കാരൻ, ആന്തൂർ സ്വദേശികളായ 30കാരൻ, 10 വയസ്സുകാരി, തലശ്ശേരി സ്വദേശി 21കാരൻ, മുണ്ടേരി സ്വദേശികളായ 57കാരൻ, 20കാരൻ, ചപ്പാരപ്പടവ് സ്വദേശി 29കാരൻ, പയ്യന്നൂർ സ്വദേശി 58കാരൻ, ചൊവ്വ സ്വദേശി 55കാരി, തളിപ്പറമ്പ് സ്വദേശി 65കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം ഭേദമായത്.
നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 19928 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 13680 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 12690 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 11937 എണ്ണം നെഗറ്റീവാണ്. 990 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
നാലു വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ
ജില്ലയിലെ നാലു തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ണൂർ കോർപറേഷനിലെ 31, 42 ഡിവിഷനുകൾ, കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ 22ാം വാർഡ്, ഉളിക്കൽ പഞ്ചായത്തിലെ 19ാം വാർഡ് എന്നിവയാണ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. നേരത്തേ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന മുണ്ടേരി പഞ്ചായത്തിലെ എട്ടാം വാർഡ് പട്ടികയിൽ നിന്ന് ഒഴിവാക്കി.