കണ്ണൂർ: ലൈസൻസില്ലാത്ത സഹകരണ സ്ഥാപനങ്ങളും സംഘങ്ങളും ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന റിസർവ്വ് ബാങ്കിന്റെ തിട്ടൂരം മേഖലയിൽ വെല്ലുവിളിയാകും. സഹകരണ സംഘങ്ങളും ബാങ്കുകളും റിസർവ് ബാങ്കിന്റെ കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചതിനു പിന്നാലെയാണ് സുപ്രധാനമായ ഈ നീക്കം.

ബാങ്കിംഗ് റഗുലേഷൻ ഭേദഗതി ഓ‌ഡിനൻസിൽ രാഷ്ട്രപതി ഇന്നലെ ഒപ്പുവച്ചു. ഇതോടെ രാജ്യത്തെ പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികളും ബാങ്ക് എന്ന പദം ഉപയോഗിക്കാൻ പാടില്ല. സഹകരണ ബാങ്കുകളെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാർക്ക് റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം തിരിച്ചടിയാകും.

രാജ്യത്തെ പ്രൈമറി സംഘങ്ങൾക്കും അഗ്രികൾച്ചറൽ ഡവലെപ്പ്മെന്റിനു വേണ്ടി ദീർഘകാലത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന സഹകരണ സൊസൈറ്റികൾക്കും ചെക്ക് വിലക്ക് ഏർപ്പെടുത്തും. ഒപ്പം ബാങ്ക്, ബാങ്കിംഗ്, ബാങ്കർ എന്നീ പദങ്ങളും ഉപയോഗിക്കാൻ പാടില്ല. സംസ്ഥാനത്തെ എല്ലാ സർവീസ് സഹകരണ ബാങ്കുകളെയും ഈ നിയമം ബാധിക്കും. ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പറ്റില്ല എന്നു മാത്രമല്ല, ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകളും സാദ്ധ്യമാകില്ല.

അർബൻ ബാങ്കുകൾക്കും ബാധകം

സംസ്ഥാനത്തെ അർബൻ ബാങ്കുകൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഭേദഗതിയിലൂടെ വന്നിട്ടുണ്ട്. എന്നാൽ ഭരണ സമിതിയെ നിയന്ത്രിക്കാനോ ഭരണസമിതിയുടെ നിയന്ത്രണങ്ങൾ ഏറ്റെടുക്കുവാനോ റിസർവ് ബാങ്കിന് കഴിയുമോ എന്നത് നിയമതർക്കമാണ്. 2003 ൽ അർബൻ സഹകരണ സംഘങ്ങളെ സംബന്ധിച്ച് ഇത്തരത്തിൽ സർക്കുലർ ഇറങ്ങിയിരുന്നു. അന്ന് ആർ.ബി.ഐയുടെ മാർഗനിർദേശങ്ങൾ അർബൻ ബാങ്കുകൾക്ക് ബാധകമാണ് എന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്. റിസർവ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് വേണമെന്നാണ് അന്നു സർക്കുലറിൽ നിഷ്കർഷിച്ചിരുന്നത്. അത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും ശരിവച്ചു. ആ വിധി കേരളത്തിലെ സ‌ർവ്വീസ് സഹകരണ ബാങ്കുകൾക്ക് കൂടി ബാധകമാകുന്ന രീതിയിലാണ് ഇപ്പോഴത്തെ ബാങ്കിംഗ് റഗുലേഷൻ ഓ‌ർഡിനൻസ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.