(കൗമുദി ഇംപാക്ട്)

കണ്ണൂർ: പൊലീസിലേക്ക് 1852 പേർക്കുള്ള നിയമന ശുപാർശ പി.എസ്‌‌.സി ഉടൻ അയക്കും. കൂടാതെ ലിസ്റ്റിന്റെ കാലാവധി തീരുന്നതിനുമുമ്പ്‌ ഒഴിവ്‌ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച്‌ നിയമനവും നടത്തും.

ട്രെയിനിംഗിനിടെ ജോലി ഉപേക്ഷിച്ചവരുടെയും ഡെപ്യൂട്ടേഷനും അടക്കം 996 ഒഴിവ്‌‌ വിവിധ ബറ്റാലിയനുകളിൽ നിലവിൽ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്. ലോക്‌ഡൗൺ ഘട്ടത്തിൽ റെക്കോഡ്‌ നിയമനമാണ്‌ പി.എസ്‌.സി ശുപാർശ ചെയ്‌തത്‌.

സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി തീരാറായത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കിയിരുന്നു. നാളെയാണ് റാങ്ക് ലിസ്റ്റ് കാലാവധി കഴിയേണ്ടത്. പരീക്ഷ നോട്ടിഫിക്കേഷൻ വന്നാൽ ഒരു വർഷത്തിനുള്ളിൽ നിയമനം നടക്കുന്നതാണെങ്കിലും മൂന്നു വർഷം കഴിഞ്ഞിട്ടും പുതിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം പാതിവഴിയിലായിരുന്നു. റാങ്ക് ലിസ്റ്റിലെ പകുതിയോളം പേർ പ്രായ പരിധി പിന്നിട്ടവരുമാണ്.

2017 ൽ വന്ന നോട്ടിഫിക്കേഷനിൽ നിന്നും എഴുത്തുപരീക്ഷയും ശാരീരികക്ഷമതാ പരീക്ഷയും കഴിഞ്ഞ് നിയമനം ആരംഭിച്ചത് ഈ വർഷം ഫെബ്രുവരിയിലാണ്.

കേരളത്തിൽ മൊത്തം ഏഴ് ബറ്റാലിയനുകളിൽ നടന്ന പരീക്ഷയുടെ ഫലം വന്ന് 2019 ജൂലായ് ഒന്നിനാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. കേവലം ഒരു വർഷം മാത്രം കാലാവധിയുള്ള ലിസ്റ്റിന് തിരിച്ചടിയായത് യൂണിവേഴ്‌സിറ്റി കോപ്പിയടി പ്രശ്‌നമായിരുന്നു. അഞ്ചു മാസത്തോളം എല്ലാ ബറ്റാലിയനുകളുടെയും ലിസ്റ്റുകൾ മരവിപ്പിക്കുകയായിരുന്നു.