എടക്കാട്: ഗീതോപദേശം, ശ്രീകൃഷ്ണലീല, പാലാഴിമഥനം തുടങ്ങി പുരാണങ്ങളിലും ഇതിഹാസങ്ങളിലും നമ്മൾ കേട്ടതും കണ്ടതുമായ സന്ദർഭങ്ങൾ അതേപടി പകർത്തുകയല്ല റിട്ട. അദ്ധ്യാപികയായ എടക്കാട് പ്രശാന്തിനിലയത്തിലെ ശോഭനാ രാഘവൻ. അവയെ പുതിയ കാലത്തോട് കോർത്തിണക്കി വർത്തമാനത്തിന്റെ വർണക്കൂട്ടുകളാക്കി മാറ്റുകയാണ്. അതുകൊണ്ടുതന്നെ പഴയ മ്യൂറൽ ചിത്രങ്ങളിൽ നിറയുന്നത് ഇന്നിന്റെ സ്പന്ദനം.
ഈ ലോക്ക് ഡൗൺ കാലത്ത് വരച്ചു തീർത്തത് നിരവധി ചിത്രങ്ങളാണ്. വളരെ സൂഷ്മമായ വരകളിലും ഇളം നിറങ്ങളിലും ജീവിതത്തെ ചേർത്തുവയ്ക്കുകയാണ് ശോഭന. ചിത്രങ്ങൾക്കൊന്നും അടിക്കുറിപ്പ് ആവശ്യമായി വരാത്തതും അതുകൊണ്ടുതന്നെയാണ്. അവ ജീവിതത്തെ പുനരാവിഷ്കരിക്കുകയല്ല, ജീവിതം തന്നെയാണ് പകർത്തുന്നത്. വ്യവസായികാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കായി കലാകാരന്മാർ മത്സരിക്കുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ആത്മസംതൃപ്തിക്കായാണ് ശോഭന വരയ്ക്കുന്നത്. ചിത്രങ്ങളെല്ലാം മുറിയിൽ പലയിടത്തായി കിടക്കുകയാണ്.
ചിത്രങ്ങൾ ശോഭനയ്ക്ക് ആത്മസമർപ്പണമാണ്. വരകളിലും വർണങ്ങളിലും വിരലോടിക്കുമ്പോൾ ജീവിതത്തിന്റെ വിവിധ തലങ്ങളാണ് ആവിഷ്കരിക്കപ്പെടുന്നത്. കാൻവാസിലെ വരകൾക്കപ്പുറം പാഴ് വസ്തുക്കളിലും കുപ്പികളിലും ശോഭന കലാരൂപങ്ങൾ തീർക്കുന്നു. സാരികളിലും ഉടുപ്പുകളിലും മേശവിരികളിലും ശോഭന ചിത്രങ്ങളെഴുതാറുണ്ട്.
കണ്ണൂർ സ്പിന്നിംഗ് മിൽ ഉദ്യോഗസ്ഥനായ പരേതനായ രാഘവനാണ് കടമ്പൂർ ഈസ്റ്റ് യു.പി സ്കൂളിൽ നിന്നു വിരമിച്ച ശോഭനയുടെ ഭർത്താവ്. മക്കളായ സൂരജും രാഹുലും വിദേശത്തും ബംഗളൂരിലുമായി ജോലി ചെയ്യുന്നു.