പാനൂർ: സമ്പന്നനൊന്നുമല്ല കരിയാട്ടെ പുനത്തിൽ രമേശൻ. എങ്കിലും ഇന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്ന കരിയാട് അർബൻ പി.എച്ച്.സിക്ക് മുക്കാൽ കോടിയോളം രൂപ വിലമതിക്കുന്ന 10 സെന്റ് സ്ഥലവും മനോഹരമായ ഇരുനിലകെട്ടിടവും സൗജന്യമായി നല്കിയിരിക്കുകയാണ് അദ്ദേഹം. സ്ഥലസൗകര്യം ലഭിക്കാതെ പി.എച്ച്.സി പ്രദേശത്ത് നിന്ന് പോകുമെന്ന സാഹചര്യം വന്നപ്പോഴാണ് രമേശൻ സ്ഥലം അനുവദിച്ച് നാടിന് തണലായത്. സ്ഥലവും കെട്ടിടവും സർക്കാരിലേക്ക് നല്കാമെന്ന് രമേശൻ അറിയിച്ചിട്ടുണ്ട്.
മന്ത്രി കെ.കെ.ശൈലജയുടെ ശ്രമത്തിൽ പാനൂർ നഗരസഭയ്ക്ക് ഒരു അർബൻ പി.എച്ച്.സി അനുവദിച്ചെങ്കിലും അതിന് അനുയോജ്യമായ സ്ഥലം വിട്ടുനല്കാൻ ആരും തയ്യാറായില്ല. അന്നത്തെ നഗരസഭ അദ്ധ്യക്ഷ കെ.വി. റംലയുടെ നേതൃത്വത്തിൽ നടന്ന ആലോചനായോഗത്തിൽ ആരോഗ്യകേന്ദ്രം കൈവിട്ടു പോകുമെന്നു വന്നപ്പോൾ പൊതുപ്രവർത്തകനായ രമേശൻ രാഷ്ട്രീയ നേതാവും സുഹൃത്തുമായ വി.കെ. ശശിയോട് സ്ഥലവും കെട്ടിടവും നല്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
അതോടൊപ്പം രമേശന് ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേരിടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
തന്റെ നാട്ടിൽ ഒരു ആതുരസേവന കേന്ദ്രം വേണമെന്ന ആഗ്രഹം എന്നും രമേശന്റെയുള്ളിലുണ്ടായിരുന്നു. കാരണം അടുത്ത ആരോഗ്യ കേന്ദ്രത്തിലെത്താൻ അഞ്ചാറു കിലോമീറ്ററുകൾ ഇവിടെയുള്ളവർ താണ്ടണം. പലപ്പോഴും ഒന്നും രണ്ടും ബസുകളിൽ കയറിയിറങ്ങണം. കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച രമേശൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഉപജീവനത്തിനായി ചെങ്കല്ല് വെട്ടുക പതിവായിരുന്നു. എസ്.എസ്.എൽ.സി പാസായി. മാഹി കോളേജിലും, കണ്ണൂർ ഭാരത് ഐ.ടി.ഐയിലും പഠനം പൂർത്തിയാക്കിയ ശേഷം 8 വർഷം ഖത്തറിൽ എൻജിനിയറിംഗ് മേഖലയിൽ ജോലി ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ രമേശൻ ഇപ്പോൾ കെട്ടിട നിർമ്മാണമേഖലയിലാണ്.
കുടിയാന്മാർക്ക് താമസസൗകര്യം ജന്മികൾ നിഷേധിച്ചപ്പോൾ രമേശന്റെ പൂർവികരായ പുനത്തിൽ തറവാട്ടുകാർ താമസിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തിരുന്നതായും പറയുന്നു. രമേശൻ വിട്ടു നൽകിയ കെട്ടിടത്തിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഒരു കിണറുമുണ്ട്. പാനൂർ നഗരസഭയ്ക്ക് 11 മാസത്തേക്ക് പ്രതിമാസം ഒരു രൂപ ലീസിന് കെട്ടിടം കൈമാറിയിരിക്കുകയാണിപ്പോൾ. സാങ്കേതിക തടസങ്ങൾ നീങ്ങുന്നതോടെ കെട്ടിടം സർക്കാരിന് നല്കും.