കണ്ണൂർ: കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനെ തുടർന്ന് കൊവിഡ് ആശുപത്രിക്കായി ആയിക്കരയിലെ സെഡ് പ്ലസ് ഫ്ളാറ്റ് സമുച്ചയം കളക്ടർ ഏറ്റെടുത്തു. പരിസരവാസികളുടെയും താമസക്കാരുടെയും എതിർപ്പിനിടെയാണ് ഇന്നലെ വൈകിട്ട് പൊലീസ് സന്നാഹത്തോടെ എത്തി ജില്ലാ കളക്ടർ ഫ്ളാറ്റ് ഏറ്റെടുത്തത്.
കട്ടിലും കിടക്കയും മറ്റു സജ്ജീകരണങ്ങളുമെല്ലാം വാഹനത്തിൽ എത്തിച്ചിരുന്നു. ഇതിനിടെ ഫ്ളാറ്റിലെ താമസക്കാരും പരിസരവാസികളും എതിർപ്പുമായി രംഗത്തെത്തി.
കൊവിഡ് പരിചരണകേന്ദ്രമായാൽ ഇവിടെ കണ്ടെയിൻമെന്റ് സെന്ററാകുമെന്നും ചുറ്റും താമസിക്കുന്നവർക്ക് ബുദ്ധിമുട്ടാവുമെന്നും യാത്രാവിലക്കുണ്ടാവുമെന്നും അവർ പറഞ്ഞു. ഇതേ തുടർന്ന് പൊലീസുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
അതേസമയം സെഡ്പ്ലസ് കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ഫ്ളാറ്റ് വാങ്ങിയവർ ഇപ്പോൾ നിയമവിരുദ്ധമായാണ് താമസിക്കുന്നതെന്നും അവർ അറിയിച്ചു. അധികൃതരുമായുള്ള ചർച്ചയെ തുടർന്നു താമസക്കാർ ഒഴിയാൻ തീരുമാനിച്ചു. തുടർന്നുനടന്ന ചർച്ചയിൽ കെട്ടിടവും പരിസരവും അണുവിമുക്തമാക്കാനും കണ്ടെയിന്റ്മെന്റ് സെന്റർ ആയി പ്രഖ്യാപിക്കില്ലെന്നും അധികൃതർ ഉറപ്പുനൽകി.
നിലവിൽ 47 ഫ്ളാറ്റുകൾ ആണ് ഇവിടെയുള്ളത്. തുടക്കത്തിൽ എഴുപത് പേരെ താമസിപ്പിക്കാനാണ് തീരുമാനം.
പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രി, തളിപ്പറമ്പ് കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റൽ എന്നിവ കൊവിഡ് ആശുപത്രിയായി മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു.
പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ ജില്ലയിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്.