പഴയങ്ങാടി: മാടായി ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറി ഇല്ലാതെ ഭരണക്രമം താളം തെറ്റുന്നതായി ആക്ഷേപം. പഞ്ചായത്തിലെ സെക്രട്ടറി ആയിരുന്ന എം.വി ചന്ദ്രൻ സ്ഥലം മാറി ചെറുകുന്ന് പഞ്ചായത്തിൽ പോയതോടെയാണ് സെക്രട്ടറി കസേര ഒഴിഞ്ഞു കിടക്കുന്നത്. പകരമായി പാപ്പിനിശ്ശേരി പഞ്ചായത്തിലെ സെക്രട്ടറി ഇവിടേക്ക് വരുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ദിവസങ്ങളായിട്ടും പുതിയ സെക്രട്ടറി ചാർജ് എടുത്ത് കാണുന്നില്ല.

കൊവിഡ് കാലത്ത് സെക്രട്ടറി ഇല്ലാത്തത് വലിയ പ്രശ്നം സൃഷ്ടിക്കും എന്നാണ് നാട്ടുകാർ പറയുന്നത്. സെക്രട്ടറിയെ കൂടാതെ രണ്ട് ക്ലർക്കുമാരുടെയും ഒരു സ്വീപ്പർ തസ്തികയിലും ഒഴിവുണ്ട്. അസിസ്റ്റന്റ് സെക്രട്ടറിക്കാണ് ഇപ്പോൾ ചാർജ്. സെക്രട്ടറി ഇല്ലാത്തത് കൊണ്ട് ഭരണ പ്രതിസന്ധിയുണ്ടാകുന്നുണ്ട് എന്നാണ് പ്രസിഡന്റിന്റെയും നിലപാട്.