പാപ്പിനിശ്ശേരി: തുരുത്തി പട്ടികജാതി കോളനി ദിനേശ് ബീഡി കമ്പനി റോഡിൽ വീണ്ടും മാലിന്യ നിക്ഷേപം. ഷോപ്പ് വൃത്തിയാക്കിയ മാലിന്യങ്ങൾ ചാക്ക് കെട്ടുകളിലാക്കി കോളനി പ്രദേശം മുതൽ ദിനേശ് ബീഡി കമ്പനി വരെ റോഡ് അരികിൽ വിതറിയിട്ടുണ്ട്. ഈ ചാക്ക് കെട്ടുകൾ തെരുവ് നായ്ക്കൾ വലിച്ചു കീറി യാത്രക്കാർക്ക് റോഡിലൂടെ കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
പൊതുവെ തെരുവ് നായ്ക്കളുടെ ശല്യമുള്ള ഈ പ്രദേശത്തു മാലിന്യം നിക്ഷേപിക്കുമ്പോൾ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. ഇതിനു മുൻപ് ഇവിടെ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവമുണ്ടായിരുന്നു. ഇതു പൊലീസ് ഇടപെട്ടു കക്ഷികളെ പിടിച്ചു തോട് വൃത്തിയാക്കിയിരുന്നു. ദിനേശ് ബീഡി കമ്പനിക്കും തുരുത്തിക്കും ഇടയിൽ സി.സി.ടി.വി കാമറ വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതാണ്. ഇതിനു ഫലം കാണാത്തതാണ് സാമൂഹ്യ വിരുദ്ധർ വീണ്ടും വീണ്ടും മാലിന്യ നിക്ഷേപത്തിന് തുരുത്തി പട്ടികജാതി കോളനി പ്രദേശം തെരഞ്ഞെടുക്കുന്നതെന്ന് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ഈസ്റ്റ് വില്ലേജ് കമ്മറ്റി കുറ്റപ്പെടുത്തി. പ്രശ്നത്തിൽ പൊലീസ് നടപടി സ്വീകരിക്കണമെന്ന് പി.കെ.എസ്. പാപ്പിനിശ്ശേരി ഈസ്റ്റ് വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.