കൊട്ടിയൂർ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജന പ്രവേശനം നിരോധിച്ച് ചടങ്ങുകൾ മാത്രമായി നടത്തിയ കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് നടക്കുന്ന തൃക്കലശാട്ടോടെ സമാപിക്കും. വാകച്ചാർത്തോടെ സമാപനദിവസ ചടങ്ങുകൾ ആരംഭിക്കും. തേങ്ങാമുറികളിലേക്ക് നാളംപകർന്ന ശേഷം വിളക്കുകൾ കെടുത്തും. ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണയ്ക്കും. നമ്പീശൻ, വാരിയർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ നാലു തൂണുകൾ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലിടും. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങും. യാത്രാബലിക്കുമുമ്പ് തന്ത്രിയും പരികർമിയും ഓച്ചറും പന്തക്കിടാങ്ങളും അല്ലാതെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തിൽനിന്ന് പുറത്തുകടക്കും. ഭണ്ഡാരങ്ങളും വാളുകളും ആദ്യം ഇക്കരേക്ക് കടത്തും. തുടർന്ന് മണത്തണ കരിമ്പന ഗോപുരത്തിലേക്ക് എഴുന്നള്ളിക്കും.