drharidas
ഡോ. ഹരിദാസ് വെർക്കോട്

നീലേശ്വരം:ഹരിദാസ് ഡോക്ടറുണ്ടെങ്കിൽ പാമ്പുകളെ പേടിക്കേണ്ടതില്ലെന്നായിരുന്നു അടുത്തകാലം വരെ കാസർകോട് ജില്ലക്കാരുടെ വിശ്വാസം. 45 വർഷം നീണ്ട വിഷചികിത്സ. മരണത്തിൽ നിന്ന് മടക്കിയെടുത്തത് കാൽലക്ഷത്തോളം ജീവനുകളാണെന്ന് അറിയുമ്പോൾ ഇതിൽ അതിശയോക്തിയില്ലെന്ന് ആരും സമ്മതിക്കും. അനാരോഗ്യം ബാധിച്ചതോടെ വീടിനോട് ചേർന്ന ക്ളീനിക്കിൽ ഡോക്ടർ സജീവമല്ലാതായതോടെ നാട്ടുകാർ പാമ്പുകളെ കാര്യമായി പേടിച്ചുതുടങ്ങിയിരിക്കുന്നു...

നീലേശ്വരത്തുകാർ അഭിമാനമായി കൊണ്ടുനടക്കുന്ന ഈ ഡോക്ടർ ശരിയ്ക്കും ഈ നാട്ടുകാരനല്ല. പാലക്കാട് കോങ്ങാട് സ്വദേശിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 1968ൽ എം.ബി.ബി.എസ് പാസായതിനു ശേഷം വയനാട് ജില്ലയിലെ ഫാത്തിമ മിഷൻ ആശുപത്രിയിലായിരുന്നു തുടക്കം.ആദ്യം മുന്നിലെത്തിയത് തന്നെ പാമ്പുകടിയേറ്റ കുട്ടിയായിരുന്നു. ഈ കുട്ടിയ്ക്ക് ഭേദപ്പെട്ടതോടെയാണ് ഡോക്ടറുടെ വിഷചികിത്സയിൽ ഒരു വഴിത്തിരിവുണ്ടായത്. അന്ന് 11 രൂപയാണ് ആന്റിവെനത്തിന്റെ വിലയെന്ന് ഡോക്ടർ ഓർക്കുന്നു. ഡോക്ടറാകണമെന്ന മോഹം ചെറുപ്പത്തിലെ കൊണ്ടുനടന്നയാളാണ് താനെന്ന് ഡോക്ടർ പറയുന്നു. തന്റെ ഗ്രാമത്തിൽ കൂട്ടുകാരോടൊത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് രോഗിയെ മഞ്ചലിൽ ചുമന്ന് 25 കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. ഡോക്ടറായാൽ വിഷചികിത്സ തുടങ്ങണമെന്ന് അന്ന് ഉറപ്പിച്ചു.1971 ൽ മടിക്കൈയിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ സർക്കാർ സർവീസിൽ പ്രവേശിച്ചു. ഇവിടെയും പാമ്പുകടിയേറ്റ് വരുന്ന രോഗികളുടെ എണ്ണം കൂടുതലായിരുന്നു. അതോടെ വിഷചികിത്സയിൽ കൂടുതൽ വ്യാപൃതനായി. വിഷചികിത്സയടങ്ങിയ പുസ്തകങ്ങൾ സംഘടിപ്പിച്ച് കൂടുതൽ അറിവ് വിപുലമാക്കി. വിഷചികിത്സയെ സംബന്ധിച്ചുള്ള എല്ലാ പുസ്തകങ്ങളും മനഃപാഠമാക്കി.

11 വർഷത്തെ സർക്കാർ സർവ്വീസ് അവസാനിപ്പിച്ച് നീലേശ്വരം ചിറപ്പുറത്ത് ഡോക്ടർ ക്ലിനിക്ക് തുടങ്ങിയത് നാടിന് നേട്ടമായി. പാമ്പു കടിയേറ്റാൽ ആദ്യം ഡോ. ഹരിദാസ് വെർക്കോട്ടിന്റെ ക്ലിനിക്കിലേക്കായി. വിഷചികിത്സയ്ക്കുള്ള മരുന്നുകൾ ബോംബെ ആസ്പിൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നായിരുന്നു എത്തിച്ചിരുന്നത്. ചെന്നൈ സ്നേക്ക് പാർക്കിലെ റോബിൻ വിത്താർഫ് ഡോക്ടറെ അന്വേഷിച്ച് ക്ളിനിക്കിലെത്തിയിരുന്നു. ബി.ബി.സി. സംഘം ഇന്ത്യയിൽ ഇന്റർവ്യു ചെയ്ത വിഷചികിത്സകനെന്ന നിലയിലും ഡോക്ടറുടെ പ്രശസ്തി കടൽകടത്തി. മരുന്നിന്റെ വില മാറ്റിനിർത്തിയാൽ നാമമാത്ര തുകയാണ് രോഗികളിൽ നിന്നും ഡോക്ടർ വാങ്ങിയിരുന്നതെന്നതും ആ സേവനത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു.

ഇപ്പോൾ ബൈപാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലാണെങ്കിലും പാമ്പുകടിയേറ്റ് വരുന്നവരെ ഒഴിവാക്കാൻ മനസ്സ് വരുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു. പാമ്പു കടിയേറ്റ് വരുന്നവർ മിക്കവരും കർഷകരും സാധാരണക്കാരുമായിരിക്കും എന്നതാണ് ഡോക്ടർ ഇതിന് കാരണമായി പറയുന്നത്.

ഭാര്യ: കെ. ഗീത. മക്കൾ: രാധിക (ദന്തിസ്റ്റ്, യു.കെ), രഞ്ജിത്ത് ഗൗതം (എം.ബി.ബി.എസ്, വിദ്യാർത്ഥി, മംഗളൂരു).