കണ്ണൂർ: കൊവിഡ് ദുരന്ത കാലത്തു അഭയമായി മാറി റിയാദിലെ കണ്ണൂരുകാരുടെ പ്രവാസി കൂട്ടായ്മ കിയോസ്. ചെയർമാൻ ഡോ. എൻ.കെ. സൂരജിന്റെ നേതൃത്വത്തിലുള്ള റിയാദ് വില്ലാസും കിയോസും സംയുക്തമായി ചാർട്ടേഡ് ഫ്‌ളൈറ്റൊരുക്കി പ്രവാസികളെ നാട്ടിലെത്തിക്കുകയാണ്. ചാർട്ടർ ചെയ്ത രണ്ട് ഫൈ്ളറ്റുകളിൽ ആദ്യത്തേതായ ഫ്‌ളൈനാസ് എയർലൈൻസ് വിമാനം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം അഞ്ചു മണിക്ക് റിയാദിൽ നിന്ന് 165 യാത്രക്കാരുമായി പുറപ്പെട്ട് ഇന്ന് പുലർച്ചെ 1.40ന് കോഴിക്കോട് ലാൻഡ് ചെയ്തു.
സാമ്പത്തികമായി കടുത്ത വിഷമമനുഭവിക്കുന്ന നിശ്ചിത യാത്രക്കാർക്ക് സൗജന്യ ടിക്കറ്റും പ്രയാസപ്പെടുന്നവർക്കു ടിക്കറ്റ് നിരക്കിൽ ഇളവും നൽകിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. രജിസ്‌ട്രേഷൻ നടത്തി മുൻഗണനാ അടിസ്ഥാനത്തിലാണ് ഗർഭിണികൾ അടക്കമുള്ള യാത്രക്കാരെ തിരഞ്ഞെടുത്തത്. നാട്ടുകാർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാൻ ചാർട്ടേഡ് വിമാനം ഒരുക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വിദേശത്തും അതോടൊപ്പം സ്വന്തം നാടായ കണ്ണൂരിലും ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ റിയാദ് വില്ലാസ് സി.ഇ.ഒയും കിയോസ് ചെയർമാനുമായ ഡോ.എൻ.കെ. സൂരജ് പറഞ്ഞു. വിമാനത്തിന് അനുമതി നൽകി സഹായിച്ച കേന്ദ്ര, കേരള സർക്കാറിനും ഇന്ത്യൻ എംബസി, നോർക്ക അധികാരികൾക്കുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.