കാഞ്ഞങ്ങാട് :രാജ്യത്ത് തന്നെ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ നിന്ന് സമ്പർക്കം മൂലം രോഗമില്ലാത്ത ഒരു മാസമെന്ന അവസ്ഥയിലേക്ക് കാസർകോട് എന്ന പിന്നാക്കജില്ലയെ എത്തിച്ചത് യുദ്ധസന്നാഹത്തോടെയുള്ള ജില്ലാഭരണകൂടത്തിന്റെ പ്രവർത്തനം. പൊലീസ്, റവന്യു, സാമൂഹ്യക്ഷേമവകുപ്പുകളിലെ ഉദ്യോഗസ്ഥരും അദ്ധ്യാപകരും സേവനസന്നദ്ധരായ വളണ്ടിയർമാരുമൊക്കെ അണിനിരന്ന ഈ യുദ്ധത്തെ വിശ്രമമില്ലാതെ മുന്നിൽ നിന്ന് നയിച്ച രണ്ടു ഡോക്ടർമാരുമുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ എ.വി. രാംദാസും ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എ.ടി. മനോജും.

സംസ്ഥാനത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ഘട്ടംതൊട്ട് ഇന്നേവരെ ഇവർ വിശ്രമിച്ചിട്ടില്ല. പുലർച്ചെ തുടങ്ങും ജോലി. ഓഫീസിലെത്തിയാൽ പിന്നെ വിശ്രമമില്ല. രോഗികൾ മുതൽ മാധ്യമപ്രവർത്തകർ വരെയുള്ളവരുമായി ബന്ധപ്പെടണം. അതിനിടയിൽ ഇടവേളകളില്ലാതെ ഫോണുകളുമെത്തും. എല്ലാത്തിനും ക്ഷമയോടെ മറുപടി നൽകും. ഓഫീസ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും രാത്രി 12 മണി കഴിഞ്ഞിട്ടുണ്ടാവും. പിന്നെ അടുത്ത ദിവസത്തെ പറ്റി ആലോചന തുടങ്ങും'- കൊവിഡ് കാലത്തെ ഒരു ദിവസം ഡി.എം.ഒ. കുറഞ്ഞ വാക്കുകളിൽ പറഞ്ഞുതീർത്തു.
'ഒരുദിവസം 81 വയസ്സുള്ള സ്ത്രീക്ക് രോഗം റിപ്പോർട്ട് ചെയ്തു. അവർക്ക് പ്രായാധിക്യത്തിന്റെ രോഗങ്ങളുമുണ്ട്. ജീവിതത്തിൽ ഏറ്റവും പേടിച്ചുപോയ ദിവസമായിരുന്നു അത്. പക്ഷെ അവർ ഞങ്ങളെ ഞെട്ടിച്ചു. കൊവിഡിനെ കീഴടക്കി അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അവരുടെ ഫലം നെഗറ്റീവായപ്പോൾ ഏറെ സന്തോഷം തോന്നി- രാംദാസ് തന്റെ അനുഭവം പങ്കുവെച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് രാംദാസ്. ഏഴുവർഷമായി കാസർകോട്ടെ ആരോഗ്യമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർ കെ.പി. ഷീബയാണ് ഭാര്യ. മകൻ വൈശാഖ് ആർ. ദാസ് എൻജീനിയറിംഗ് വിദ്യാർഥിയാണ്.

രണ്ട് വർഷമായി കാസർകോടിന്റെ ഡെപ്യൂട്ടി ഡി.എം.ഒ.യാണ് മനോജ്. ജില്ലയുടെ കെറോണ നിരീക്ഷണ സെൽ ഓഫീസർ കൂടിയാണ് അദ്ദേഹം. ഒ.കെ. പ്രീതയാണ് ഭാര്യ. മുമ്പ് ആരോഗ്യമേഖലയിൽ ഒമ്പതു വർഷം കാസർകോടിനെ സേവിച്ചു. ഇങ്ങനെയൊരു പരീക്ഷണം നേരിട്ടിട്ടില്ലെന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തെയടക്കം മാറ്റിത്താമസിപ്പിച്ചാണ് ഡോ. മനോജ് ഇപ്പോൾ ജോലി നോക്കുന്നത്. കാസർകോട്ടെ പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനും പൂർണ സംതൃപ്തിയാണുള്ളത്.

.