കൂത്തുപറമ്പ്: എസ്.എസ്.എൽ.സി പരീക്ഷയിൽ കൂത്തുപറമ്പ് മേഖലയിൽ നൂറ് മേനി വിജയവുമായി മുന്നിട്ട് സർക്കാർ സ്കൂളുകൾ. ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികളും വിജയികളായി. തുടർച്ചയായി രണ്ടാം തവണയാണ് നൂറുമേനി വിജയം കൊയ്യുന്നത്.
പരീക്ഷ എഴുതിയ 52 പേരും വിജയിച്ചപ്പോൾ 8 പേർ ഫുൾ ഏ പ്ലസിനും അർഹമായി. ആയിത്തറ മമ്പറം ഗവ: ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി 14 ആം വർഷമാണ് നൂറ് മേനി കൊയ്യുന്നത്. പരീക്ഷ എഴുതിയ 61 പേരും വിജയിച്ചപ്പോൾ എട്ട് പേരാണ് ഫുൾ ഏ പ്ലസ് നേടിയത്. നിർമ്മലഗിരി റാണി ജയ് ഹയർ സെക്കൻഡറി സ്കൂൾ, കോളയാട് സെൻഡ് കാർണേലിയോസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും നൂറ് മേനി കൊയ്തു. കൂത്തുപറമ്പ് ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിന് 2 കുട്ടികളുടെ പരാജയത്തെ തുടർന്നാണ് നൂറ് മേനി നഷ്ടമായത്. ഇവിടെ നിന്നും പരീക്ഷ എഴുതിയ 5 കുട്ടികൾ ഏ പ്ലസ് നേടി. കോട്ടയം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 51 പേരിൽ 49 പേരും, ചിറ്റാരിപ്പറമ്പ് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 216 പേരിൽ 215 പേരും ഉന്നത പഠനത്തിന് അർഹരായി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 98.5 ശതമാനം പേരും, പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 99 ശതമാനം പേരും വിജയിച്ചു. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ, പാട്യം ഗവ: ഹയർ സെക്കൻഡറി സ്കൂൾ എന്നിവയും മികച്ച വിജയമാണ് കരസ്ഥമാക്കിയിട്ടുള്ളത്.