കാസർകോട്: കൊവിഡ് 19 തടയുന്നതിന് സർക്കാർ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിൽ ഇതിനെയെല്ലാം കാറ്റിൽ പറത്തി ജില്ലയിൽ തട്ടുകളുടെയും, മറ്റ് അനധികൃത ഭക്ഷണ വിൽപ്പന കേന്ദ്രങ്ങളുടെയും പ്രവർത്തനത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ല താജ്, ജനറൽ സെക്രട്ടറി നാരായണ പൂജാരി, സംസ്ഥാന കമ്മിറ്റി അംഗം ഐഡിയൽ മുഹമ്മദ് എന്നിവർ കളക്ടറെ നേരിൽ കണ്ട് ആവശ്യപ്പെട്ടു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ കർശന നിയന്ത്രണം പാലിച്ചാണ് ഭക്ഷണ വിതരണം ചെയ്യുന്നത്. എന്നാൽ ഒരു നിയന്ത്രണവും ഇല്ലാതെ തട്ടുകടകളും, വാഹനങ്ങളുപയോഗിച്ചുള്ള ഭക്ഷണ വിൽപ്പനയും ജില്ലയിൽ വർദ്ധിച്ചിരിക്കുകയാണ് ഇത് കർശനമായി തടയാനും, കൂടാതെ പലചരക്ക് കടകളിൽ പോലും പാകം ചെയ്ത ഭക്ഷണ പൊതികൾ വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടി വേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.