കാഞ്ഞങ്ങാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ മികച്ച വിജയം. മുഴുവൻ കുട്ടികളും വിജയിച്ച സ്‌കൂളുകളും മുഴുവൻ വിഷയങ്ങൾക്കുംഎ പ്ലസ് നേടിയ കുട്ടികളുമൊക്കെ മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടി. ചില സ്‌കൂളുകൾ തുടർച്ചയായി നൂറു ശതമാനം വിജയം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന സ്‌കൂളുകളിലൊന്നായ ദുർഗ്ഗയിൽ നൂറുശതമാനം വിജയം മാത്രമല്ല 68 എ പ്ലസും ഉണ്ട്. 408 കുട്ടികളാണ് പരീക്ഷ എഴുതിയത്.
ജി.എച്ച്.എസ്.എസ് ചായ്യോത്ത് സ്‌കൂളിൽ 282 കുട്ടികൾ പരീക്ഷ എഴുതി നൂറ് ശതമാനം വിജയം നേടി. 60 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 1685 കുട്ടികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 74 കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. തുടർച്ചയായി മൂന്നാം വർഷവും നൂറു ശതമാനം വിജയം നേടിയതിന്റെ സന്തോഷത്തിലാണ് വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. 206 കുട്ടികളാണ് പരീക്ഷയെഴുതിയത്. 24 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസാണ്. ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ,സ്വാമി രാംദാസ് സ്മാരക ഗവ ഹയർ സെക്കൻഡറി സ്‌കൂൾ ,രാവണീശ്വരം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയും നൂറുശതമാനം വിജയം നേടി. രാംദാസ് സ്മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ തുടർച്ചയായി 12ാമത് വർഷമാണ് നൂറു ശതമാനം വിജയം നേടുന്നത്. ഇവിടെ 14 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്.100 ശതമാനം വിജയം ലഭിച്ചു കൊണ്ടിരുന്ന ബല്ല ഈസ്റ്റ് ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ ഇത്തവണ ഒരു കുട്ടി ഉപരിപഠനത്തിനുള്ള അർഹതയ്ക്ക് പുറത്തായി.