കാസർകോട്: മെക്കാനിക്കൽ അസിസ്റ്റന്റിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മംഗളൂരു റെയിൽവെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ നിരീക്ഷണത്തിലേക്ക്. റെയിൽവെ സ്റ്റേഷനിലെ സഹപ്രവർത്തകരുമായി ഇയാൾ ഇടപഴകിയതിനാലാണ് മറ്റുള്ളവരും നിരീക്ഷണത്തിൽ പോകേണ്ടിവന്നത്. പനി വന്നതിനു ശേഷവും ജോലി ചെയ്ത റെയിൽവെ സ്റ്റേഷനിലെ മെക്കാനിക്കൽ അസിസ്റ്റന്റിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിതനെ മംഗളൂരു വെൻലോക് ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലാകുന്നതിനു തൊട്ടുമുമ്പ് വരെ ഇദ്ദേഹം സ്റ്റേഷനിലെ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്തിരുന്നു. നിരവധി ജീവനക്കാരുമായി മെക്കാനിക്കൽ അസിസ്റ്റന്റ് സമ്പർക്കം പുലർത്തിയിരുന്നതായി വ്യക്തമായി. മംഗളൂരു സെൻട്രൽ, ജംഗ്ഷൻ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാർ താമസിക്കുന്ന റെയിൽവെ കോളനിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. രോഗവിവരം അറിയാതെ കോളനിയിലെ പലരുമായും ജീവനക്കാരൻ സമ്പർക്കം പുലർത്തിയിട്ടുണ്ട്. സമ്പർക്കം പുലർത്തിയവർ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്തവർ കൂടിയാണ്. ഈ സാഹചര്യത്തിൽ മംഗളൂരു റെയിൽവെ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും കടുത്ത ആശങ്കയിലാണ്.