മാഹി: മാഹിയിൽ ഇന്ന് അഞ്ചുപേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടതോടെ ജനങ്ങൾ ആശങ്കയിൽ. ഈസ്റ്റ് പള്ളൂർ സ്വദേശിയായ പള്ളൂർ സ്റ്റേഷനിലെ പൊലീസുകാരനും, മാഹി ഗവ. ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്, ഫോർത്ത് ക്ലാപ്പ് ജീവനക്കാരൻ, രണ്ട് പാചകക്കാർ എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്.
പള്ളൂർ പോലീസ് സ്റ്റേഷനിലെ പൊലീസുകാർ മുഴുവൻ ക്വാറന്റൈയിനിലാണ്. സ്റ്റേഷൻ അടച്ചിട്ട പോലെയായി. അഗ്നിശമന വിഭാഗം അണുവിമുക്തമാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനു മുന്നിലൂടെ കടന്നുപോകുന്ന തലശ്ശേരി - തൊട്ടിൽ പാലം മെയിൻ റോഡ് അടച്ചിട്ടുണ്ട്. പള്ളൂരിൽ ചെരിപ്പു കടക്കാരനും ഓട്ടോ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ മൂന്നങ്ങാടി പ്രദേശവും പൊലീസുകാരന് കൊവിഡ് പോസിറ്റീവായതിനാൽ ഈസ്റ്റ് പള്ളൂരിലും റെഡ് സോൺ പ്രഖ്യാപിച്ച് ലോക്ക് ചെയ്തിട്ടുണ്ട്.
മാഹി ഗവ.ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട നാലു പേരുമായി സമ്പർക്കമുള്ളവരെല്ലാം ക്വാറന്റൈയിനിൽ പോയി. ആശുപത്രി കേന്റീൻ അടച്ചുപൂട്ടി. ആശുപത്രിയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പൊലീസ് അടച്ചുപൂട്ടിയിരിക്കുകയാണ്.
അതിനിടെ കൊവിഡ് മുക്തി നേടിയതിനു ശേഷം പരിയാരം മെഡിക്കൽ കോളജിൽ മരണപ്പെട്ട പൊലീസുകാരന്റെ പിതാവ് ഭാസ്‌കരന്റെ മൃതദേഹം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മാഹി പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. പൊലീസ് സന്നാഹത്തിൽ സുരക്ഷാവസ്ത്രമണിഞ്ഞ നാലു പേർക്ക് മാത്രമാണ് സംസ്‌കാര ചടങ്ങിന് അനുമതി ലഭിച്ചിരുന്നുള്ളൂ.