പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് അപകടരഹിത മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള റോഡ് സേഫ്റ്റി അതോറിറ്റി നടപ്പിലാക്കുന്ന സേഫ്റ്റി കോറിഡോർ പദ്ധതിയുടെ പ്രവൃത്തി ജൂലായ് അവസാനവാരം പൂർത്തിയാകും. പ്രവൃത്തി ടി.വി രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി.
1. 84 കോടി രൂപയാണ് സർക്കാർ പദ്ധതിക്ക് അനുവദിച്ചത്. 31 കാമറകളിൽ 5 എ.എൻ.പി.ആർ കാമറകൾ സ്ഥാപിക്കേണ്ട ഗേൻട്രി പോസ്റ്റുകളും , 26 പോസ്റ്റുകളുടെ പ്രവൃത്തിയും , പാപ്പിനിശേരി മുതൽ - പിലാത്തറ വരെയുള്ള ഒപ്റ്റിക്കൽ കേബിൾ സ്ഥാപിക്കൽ പ്രവൃത്തിയും പൂർത്തിയായി. താവം, പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിനു മുകളിലൂടെ കേബിൾ സ്ഥാപിക്കുന്നതിന് റെയിൽവേയുടെ അനുമതി അടുത്ത ദിവസം ലഭിക്കും. ഇതിനാവശ്യമായ തുക റെയിൽവേക്ക് അടച്ചും അതോടൊപ്പം വൈദ്യുതി കണക്ഷനു വേണ്ട തുകയും അടച്ചതായും പി.ആർ സജീവൻ (അസി.എക്സി. എൻജിനിയർ, ഇലക്ട്രോണിക്സ് വിഭാഗം) പറഞ്ഞു.
എം.എൽ.എ യോടൊപ്പം പി.ആർ സജീവൻ (അസി.എക്സി. എൻജിനിയർ, ഇലക്ട്രോണിക്സ് വിഭാഗം ), മൻസൂർ അലി ഖാൻ (എം.ഡി കംപ്യൂട്ടർ കെയർ), അജിത്ത് എന്നിവരും ഉണ്ടായി.
കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രവൃത്തി ആരംഭിച്ചത്. ലോക് ഡൗൺ കാരണം നിലച്ച പ്രവൃത്തി ഇപ്പോൾ പുനരാംഭിച്ചു. പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ് ടി.പി റോഡ് അപകട രഹിതമാക്കി മാറ്റുന്നതിനുള്ള വിശദമായ പഠനം നടത്തുന്നതിന് എം.എൽ.എയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാർ ഏജൻസിയായ നാറ്റ്പാക്നെ ചുമതലപ്പെടുത്തിയിരുന്നു. റോഡ് തുറന്ന് കൊടുത്തതിനുശേഷം റോഡിൽ കഴിഞ്ഞ ഒരു വർഷം നടന്ന അപകടങ്ങളെ കുറിച്ച് വിശദമായ പഠനവും ഓഡിറ്റിംഗു നടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. അപകടങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും, ഗതാഗത കമ്മിഷണറും പ്രസ്തുത റോഡ് സന്ദർശിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1.84 കോടിയുടെ സമഗ്ര റോഡ് സുരക്ഷാ പദ്ധതിയാണ് സർക്കാർ അംഗീകാരം നൽകിയത്.